ന്യൂഡൽഹി– 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മുൻ ജെ.എൻ.യു വിദ്യാർത്ഥി ഉമർ ഖാലിദ്. ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും ഉമർ ഖാലിദ് ആവശ്യപ്പെട്ടു. ജനുവരി 5-ന് ജാമ്യം നിഷേധിച്ച ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അരവിന്ദ് കുമാർ മുൻപാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഈ ആവശ്യം ഉന്നയിച്ചത്.
കഴിഞ്ഞ ജനുവരി 5-ന് കേസിലെ മറ്റു അഞ്ചുപേർക്ക് കോടതി ജാമ്യം നൽകിയെങ്കിലും ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ സുപ്രീം കോടതി തള്ളിയിരുന്നു. യു.എ.പി.എ ചുമത്തപ്പെട്ട കേസുകളിൽ രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന കാര്യങ്ങൾ വരുമ്പോൾ, വിചാരണ വൈകുന്നത് ജാമ്യം നൽകാനുള്ള ഏക കാരണമായി കാണാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
സാധാരണഗതിയിൽ പുനഃപരിശോധനാ ഹർജികൾ ജഡ്ജിമാരുടെ ചേംബറിലാണ് പരിഗണിക്കാറുള്ളത്. എന്നാൽ, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വാമൊഴിയായുള്ള വാദങ്ങൾക്കായി തുറന്ന കോടതിയിൽ കേൾക്കണമെന്നാണ് ഖാലിദിന്റെ ആവശ്യം. ഇക്കാര്യം ബുധനാഴ്ച പരിഗണിക്കാമെന്നും രേഖകൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.



