ന്യൂഡല്‍ഹി– അനുദിനം വര്‍ധിക്കുന്ന വായു മലിനീകരണം ഡല്‍ഹിയുടെ ദൈനം ദിന ജീവിതത്തെ സാരമായി ബാധിക്കുന്നതോടെ പുതിയ നീക്കങ്ങളുമായി അധികൃതര്‍. 50% പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്താല്‍ മതിയെന്ന റൊട്ടേഷന്‍ സംവിധാനമുള്‍പ്പെടെയാണ് ശുദ്ധവായു കിട്ടാക്കനിയാവുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുടെ ആലോചനയില്‍ മുഖ്യം. അതിനിടെ മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഗ്രേഡഡ് റെണ്‍സോര്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്പ്) അധികൃതര്‍ പരിഷ്‌കരിച്ചിട്ടുമുണ്ട്.
ഡല്‍ഹിയിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ.ക്യു.ഐ) നിലവാരത്തേയും കാലാവസ്ഥാ പ്രവചനങ്ങളേയും അടിസ്ഥാനമാക്കിയുള്ള അടിയന്തിര പ്രതികരണ സംവിധാനമാണ് ഗ്രാപ്പ്. നാലു ഘട്ടങ്ങളിലായി നേരത്തെ നടപ്പിലാക്കാനുള്ള പരിഷ്‌കാരങ്ങള്‍ നേരത്തെയാക്കാനാണ് തീരുമാനം. രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കാനാലോചിക്കുന്ന പലതും ഒന്നാം ഘട്ടത്തില്‍ തന്നെ പ്രാബല്യത്തില്‍ കൊണ്ടുവരും. ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നത് അതിന്റെ ഭാഗമാണ്. തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പുവരുത്തും. ഗതാഗതം ഏകോപിപ്പിക്കും. ഗതാഗതക്കുരുക്കുകളില്‍ അധിക ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടുതല്‍ സുഗമമായ യാത്ര ഉറപ്പുവരുത്തും. പത്രങ്ങള്‍, റേഡിയോ, ടിവി എന്നിവ വഴി പൊതുമലിനീകരണ മുന്നറിയിപ്പുകള്‍ നല്‍കും. ഗതാഗതത്തില്‍ സിഎന്‍ജി-ഇലക്ടിക് ബസ്സുകളുടെ ഫ്‌ളീറ്റ് വര്‍ധിപ്പിക്കും. മെട്രോ സര്‍വ്വീസ് എണ്ണം കൂട്ടും. തിരക്കില്ലാത്ത സമയങ്ങളില്‍ വ്യത്യസ് നിരക്കുകളോടെയാവും മെട്രോ. ഈ നടപടികള്‍ ഇപ്പോള്‍ തന്നെ നടപ്പിലാക്കും.ഇവ രണ്ടാംഘട്ടത്തിലായിരുന്നു ആലോചിച്ചത്. മൂന്നാം ഘട്ടത്തില്‍ ആലോചിച്ചിരുന്ന ഓഫീസ് സമയക്രമം മാറ്റല്‍ രണ്ടാംഘട്ടത്തിലേക്ക് മാറ്റും. ഡല്‍ഹിക്ക് പുറമെ ഗുരുഗ്രാം, ഫരിദാബാദ്, ഗാസിയാബാദ്, ഗൗതംബുദ്ധ നഗര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസ്, മുന്‍സിപ്പല്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് സമയങ്ങള്‍ അതാത് അധികൃതര്‍ക്ക് ക്രമപ്പെടുത്താം. നാലാമതായി തീരുമാനിച്ച സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ 50 ശതമാനം പേരുമായി പ്രവര്‍ത്തിക്കുകയും ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുകയും ചെയ്യേണ്ടതാണ് എന്ന നിയന്ത്രണം മൂന്നാം ഘട്ടത്തിലേക്ക് മാറും. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, മുന്‍സിപ്പില്‍, സ്വകാര്യ ജീവനക്കാര്‍ക്കെല്ലാം ഇത് ബാധകമാവും. അമ്പതു ശതമാനം ഓഫീസിലും അമ്പതു ശതമാനം വീട്ടിലുമായി മാറിമാറിയാണ് ജോലി ചെയ്യേണ്ടി വരിക.
അതേസമയം ജലാശയങ്ങളിലും വായു ഗുണ നിലവാര യന്ത്രങ്ങള്‍ സ്ഥാപിച്ചയിടങ്ങളിലും കെമിക്കല്‍ സ്േ്രപ ചെയ്ത് അന്തരീക്ഷം കൂടുതല്‍ വിഷമയമാക്കുന്നുവെന്ന പരാതിയുമായി ചില മാധ്യമപ്രവര്‍ത്തകര്‍ വീഡിയോ സഹിതം രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ ഇതിന്റെ പേരില്‍ പഴി പറഞ്ഞ ബിജെപി സര്‍ക്കാരും ഇതേ കാര്യം ആവര്‍ത്തിക്കുകയാണെന്നും ഇത്തരം വെള്ളത്തില്‍ കെമിക്കല്‍ മിക്‌സ് ചെയ്യ്ത് സ്േ്രപ ചെയ്ത ഭാഗങ്ങളിലെ വായു ഗുണനിലവാരം ഡല്‍ഹിയിലെ ശരാശരിയെക്കാള്‍ ഉയരുകയാണെന്നും ഇവര്‍ക്കത് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും ഇന്‍ഡക്‌സ് പുറത്തുവിട്ട് ഇവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍ 359-373 എന്ന് രേഖപ്പെടുത്തിയപ്പോള്‍ നോയിഡയിലത് 430-ന് മുകളിലായിരുന്നു. ഏകദേശം പതിനഞ്ചോളം സിഗരറ്റ് ഒരു ദിവസം വലിക്കുന്നതിന് തുല്യമാണിത്. കൂടുതല്‍ ശാസ്ത്രീയ നടപടികളെടുത്തില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാവുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
മലിനമാവുന്ന വായുവില്‍ നിന്ന് മോചനം വേണമെന്നും ശുദ്ധവായു ശ്വസിക്കാന്‍ അധികൃതര്‍ അവസരമുണ്ടാക്കണമെന്നുമാവശ്യപ്പെട്ട് വിവിധ പ്രക്ഷോഭങ്ങളും പല തലങ്ങളില്‍ നിന്നുള്ള ആവശ്യങ്ങളും ഈയ്യിടെ ശക്തമായിരുന്നു. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ സമാധാനപരമായി സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് കുറ്റവാളികളികളെപ്പോലെ ബലംപ്രയോഗിച്ച് പൊലീസ് വാനുകളില്‍ കയറ്റിക്കൊണ്ടുപേയതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവരികയുണ്ടായി.



