ന്യൂഡല്‍ഹി– നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡിക്ക് തിരിച്ചടി. അന്യേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമെന്ന് കോടതി ചൂണ്ടികാട്ടി. ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ നോട്ടീസ് അയക്കാന്‍ കോടതി വിസമ്മതിച്ചു. എന്നാല്‍ നിയമപ്രകാരം പ്രതികളെ കേള്‍ക്കാത പ്രോസ്‌ക്യൂഷന്റെ പരാതി പരിഗണിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ കുറ്റാരോപിതര്‍ക്ക് നോട്ടീസ് അയക്കണമെന്നും ഇ.ഡി വാദിച്ചു. നോട്ടീസ് അയക്കേണ്ട ആവശ്യകത കോടതിക്ക് ബോധ്യപ്പെടാതെ അയക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമയായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിൻ്റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രം ആരോപിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ അസോസിയേറ്റ് ജേണല്‍സ് ലിമിറ്റഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിന് രജിസ്ട്രാര്‍മാര്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. മുംബൈ, ലക്‌നൗ, ഡല്‍ഹി എന്നിവിടങ്ങളിലായി എ.ഐ.എല്ലിന്റെ 700 കോടിയിലധികം വരുന്ന സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.