അഹമ്മദാബാദ്– ഗുജറാത്തിലെ വഡോദരയിൽ പ്രായപൂർത്തിയാകാത്ത മകളും കാമുകനും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി. പ്രണയബന്ധത്തെ എതിർത്തതിനാൽ മകൾ ഉറക്കഗുളിക നൽകി ഉറക്കിയ ശേഷം കാമുകൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 45കാരനായ ഷന ചാവ്ഡയാണ് മരിച്ചത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തിയ സഹോദരൻ ഷന ചാവ്ഡ മരിച്ചു കിടക്കുന്നതും കാണുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ശരീരം മുഴുവൻ കുത്തേറ്റ നിലയിലായിരുന്നു.
ഷന ചാവ്ഡയുടെ 17 വയസ്സ് പ്രായമുള്ള മകളുടെ പ്രണയത്തെ എതിർത്തതിനാൽ കൊലപാതകത്തിൽ ആൺസുഹൃത്തായ 25 കാരനായ രഞ്ജിത്ത് വഘേലക്ക് പങ്കുള്ളതായി സഹോദരൻ പോലീസിന് മൊഴി നൽകി. ഇതേത്തുടർന്ന് ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. തങ്ങളുടെ പ്രണയം അംഗീകരിക്കാത്തതിൽ പെൺകുട്ടിക്ക് അച്ഛനോട് കടുത്ത ദേഷ്യമുണ്ടായിരുന്നു.
പെൺകുട്ടി വ്യാഴാഴ്ച രാത്രി ഭക്ഷണത്തിൽ ഉറക്ക ഗുളിക ചേർത്ത് അച്ഛനെ മയക്കിയശേഷം വെള്ളിയാഴ്ച പുലർച്ചെ രഞ്ജിത്ത് വഘേലയെയും സുഹൃത്തായ ഭവ്യ വാസവയെയും വിളിച്ചു വരുത്തിയ ശേഷം ഷന ചാവ്ഡയെ വീടിന് പുറത്തേക്ക് എടുത്തുകൊണ്ടു പോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പെൺകുട്ടി ഉറങ്ങിയത്.
പെൺകുട്ടി മുമ്പ് രണ്ട് തവണ മാതാപിതാക്കളെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് വഡോദര ജില്ലാ പോലീസ് സൂപ്രണ്ട് സുശീൽ അഗർവാൾ പറഞ്ഞു. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പും ഉറക്കഗുളിക കലർത്തി ഇരുവരെയും കൊല്ലാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കൊലപാതക ദിവസം ഉറക്ക ഗുളിക കലർത്തിയ വെള്ളം അമ്മ തുപ്പിക്കളഞ്ഞതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്നും സുശീൽ അഗർവാൾ വ്യക്തമാക്കി.



