ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരമെന്ന് സുപ്രീംകോടതി. കുട്ടികളുടെ അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും, ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി പ്രസ്താവം.
കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചാൽ മാത്രമേ അത് കുറ്റകരമാകുകയുള്ളൂവെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. കുട്ടികളടക്കം അശ്ലീല ദൃശ്യം കാണുന്നത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും ഇതൊരു കുറ്റമല്ലെന്നും അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ ഒരു സന്നദ്ധ സംഘടന നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർണായക വിധിയുണ്ടായത്.
ഇത്തരം അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ അത് പോലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളെ സംബന്ധിച്ചും അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും സുപ്രീം കോടതി ചില മാർഗനിർദേശങ്ങളും നല്കി. അശ്ലീല ചിത്രം എന്നത് ‘ലൈംഗീക ചൂഷണം ചെയ്യുന്ന വസ്തുക്കൾ’ എന്ന് മാറ്റാൻ നിർദേശിച്ച കോടതി ഇതു വ്യക്തമാക്കി നിയമത്തിൽ ഭേദഗതി വരുത്താനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.