ബിഹാറിൽ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനുമായി ശക്തമായ നിരീക്ഷണ സംഘത്തെ നിയോഗിച്ച് കോൺഗ്രസ്. മുൻ മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേൽ, മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ബിഹാറിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 41 ജില്ലകളിലും പ്രത്യേക നിരീക്ഷകരെയും നിയോഗിച്ചു. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കി. തെരഞ്ഞെടുപ്പിൽ വോട്ട് കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരമാണ് ഗെഹ്ലോട്ട്, ബാഗേൽ, ചൗധരി എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തെ നിയമിച്ചത്. 41 ജില്ലകളിലേക്കും നിയോഗിക്കപ്പെട്ട പ്രത്യേകി നിരീക്ഷകരുമായി യോജിച്ച് പ്രവർത്തിച്ച് താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയെന്നും ഫലം അട്ടിമറിച്ചെന്നും രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. വോട്ട് ചോരിക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി രാഹുൽ ഗാന്ധി ബിഹാറിൽ വോട്ടർ അധികാർ യാത്ര സംഘടിപ്പിക്കുകയും ചെയ്തു. ചെറുപ്പക്കാരടക്കമുള്ള പൊതുജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് രാഹുൽ ഗാന്ധിയുടെ റാലിക്ക് ലഭിച്ചത്. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ വോട്ടർ അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
‘ഇൻഡ്യ സഖ്യം ബിഹാറിൽ വോട്ട് ചോരി അനുവദിക്കില്ല’ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ വോട്ട്ബാങ്കിനെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടിനിരത്തിൽ നടത്തുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. ബിഹാറിൽ തിരക്കിട്ട് നടപ്പിലാക്കിയ പ്രത്യേക അതിതീവ്ര തിരുത്തൽ അഥവാ എസ്‌ഐആർ, ബിജെപിക്ക് അനുകൂലമായി വോട്ടുകൾ ക്രമീകരിക്കുന്നതിനാണെന്ന ആരോപണം ശക്തമായിരുന്നു.
നവംബർ 22-ന് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കാനിരിക്കെ, തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. മഹാഗഠ്ബന്ധൻ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന കോൺഗ്രസ്, തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഊർജിതമാക്കുകയാണ്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളെയും ജില്ലാതല നിരീക്ഷണ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്.