ന്യൂഡല്‍ഹി– പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സേന നടത്തിയ 2019ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം.പിയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ചരണ്‍ജിത് സിങ് ചന്നി. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എവിടെയാണ് നടന്നതെന്നോ, ആരാണ് കൊല്ലപ്പെട്ടതെന്നോ തനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല, സംഭവിച്ചിട്ടുണ്ടെങ്കില്‍ എപ്പോഴും തെളിവ് ചോദിക്കാറുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാറിനെ പരസ്യമായി പിന്തുണച്ച സാഹചര്യത്തിലാണ് ചരണ്‍ജിത് സിങിന്റെ പരാമര്‍ശം. പഹല്‍ഗാം ഭീകരാക്രമണം നടന്ന് പത്ത് ദിവസമായിട്ടും സര്‍ക്കാര്‍ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാകിസ്ഥാനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുക്കുന്നതെന്നറിയാന്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ചരണ്‍ജിത് സിങിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഡല്‍ഹി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ. ചരണ്‍ജിത് സേനയെ ദുര്‍ബലമാക്കുകയാണെന്ന് ആരോപിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ കോണ്‍ഗ്രസ് നേത്രത്വവുമായി ബന്ധിപ്പിക്കുകയും ചെയ്തു.വ്രോമാക്രമണത്തിന്റെ തെളിവുകള്‍ കാണാന്‍ രാഹുല്‍ഗാന്ധിയോടൊപ്പം നിങ്ങള്‍ക്കും പാകിസ്ഥാനിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് പാകിസ്ഥാന്‍ തന്നെ പറയുന്നു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസുകാര്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാനുള്ള ഒരു അവസരവും പാഴാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി നേതാവ് സാംബിത് പത്രയും കോണ്‍ഗ്രസിനെതിരെ വിമര്‍ശിച്ച് രംഗത്ത് വന്നു. കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങളെയും സൈന്യത്തെയും നിരാശപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുറത്ത് നിന്ന് നോക്കുമ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയാണെങ്കിലും ഉള്ളില്‍ അവര്‍ പാകിസ്ഥാന്‍ വര്‍ക്കിങ് കമ്മിറ്റിയാണെന്ന് അദ്ദേഹം ആരോപിച്ചു. പാകിസ്ഥാന്‍ സൈന്യത്തിനും തീവ്രവാദികള്‍ക്കും ഓക്‌സിജന്‍ നല്‍കാനുള്ള അവസരങ്ങളൊന്നും കോണ്‍ഗ്രസ് പാഴാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു