നാസിക് (മഹാരാഷ്ട്ര) – വിഭാഗീയവും വിദ്വേഷകരവുമായ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോൺഗ്രസ് എപ്പോഴും മതത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റുകൾ തയ്യാറാക്കുന്നതെന്നും വിഹിതം വിതരണം ചെയ്യുന്നത് അവരുടെ വിഭജന ചിന്താഗതി അനുസരിച്ചാണെന്നും മോഡി ആരോപിച്ചു. വടക്കൻ മഹാരാഷ്ട്രയിലെ നാസികിലെ പിമ്പൽഗാവിലെ എൻ.ഡി.എ തെരഞ്ഞെടുപ്പ് റാലിയിലാണ് മോഡി ഇങ്ങനെ പറഞ്ഞത്.
കോൺഗ്രസ് ബജറ്റിന്റെ 15 ശതമാനവും മുസ്‌ലിംകൾക്കാണ് നൽകുന്നതെന്നും അധികാരത്തിലെത്തിയാൽ മറ്റു വിഭാഗക്കാർക്ക് അർഹതയുള്ള ഫണ്ട് മുസ്‌ലിംകൾക്ക് നൽകുന്നത് അവർ തുടരുമെന്നും നരേന്ദ്ര മോഡി ആരോപിച്ചു. കോൺഗ്രസിന് ഒരു ന്യൂനപക്ഷമേയുള്ളൂവെന്നും അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണെന്നും മോഡി കുറ്റപ്പെടുത്തി.
ഈ ആശയത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ താൻ ശക്തമായി എതിർത്തിരുന്നു. തുടർന്ന് അവർക്കത് നടപ്പാക്കാനായില്ല. എന്നാൽ, ഇപ്പോൾ അവർ പഴയ അജണ്ടകളെല്ലാം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാരുടെ സംവരണത്തിൽനിന്ന് മുസ്‌ലിംകൾക്ക് നൽകാൻ അനുവദിക്കില്ലെന്നും മോഡി പറഞ്ഞു.
തെരഞ്ഞെടുപ്പ് നാലാം ഘട്ടം കഴിഞ്ഞതോടെ പ്രതിപക്ഷം പരാജയഭീതിയിലാണ്. പവാറും കൂട്ടരും അവരുടെ പാർട്ടികളെ കോൺഗ്രസിൽ ലയിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഉദ്ധവ് പക്ഷ വ്യാജ ശിവസേനയും ശരത്പവാർ പക്ഷ വ്യാജ എൻ.സി.പിയും കോൺഗ്രസിൽ ലയിക്കുമെന്നും മോഡി പരിഹസിച്ചു. സവർക്കറെ അധിക്ഷേപിക്കുന്ന കോൺഗ്രസിന് മുന്നിൽ വ്യാജ ശിവസേന തലകുമ്പിടുന്നു. മഹാരാഷ്ട്രയിലെ ജനങ്ങൾ അവരെ ശിക്ഷിക്കാൻ തീരുമാനിച്ചത് ആദ്യ നാലുഘട്ട തെരഞ്ഞെടുപ്പുകളിൽ വ്യക്തമാണെന്നും മോഡി അവകാശപ്പെട്ടു.
അതിനിടെ, മോഡി പ്രസംഗം ആരംഭിച്ചതോടെ സദസ്സിൽനിന്ന് ചോദ്യങ്ങളുമായി കർഷകർ പ്രസംഗം തടസ്സപ്പെടുത്തി. സവാള കയറ്റുമതി നിരോധവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു കർഷകർ. പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചതോടെ ഏതാനും കർഷകർ എഴുന്നേറ്റുനിന്ന് സവാള കയറ്റുമതി നിരോധനത്തെക്കുറിച്ച് ആദ്യം സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉടനെ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. തുടർന്ന്, സവാള കയറ്റുമതി നിരോധം പിൻവലിച്ചതായും കൂടുതൽ അനുകൂല നടപടികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സർക്കാർ ഒരുലക്ഷം മെട്രിക് ടൺ ഉള്ളി സംഭരിച്ചു. ഇപ്പോൾ അഞ്ച് ലക്ഷം മെട്രിക് ടൺ കരുതൽ ശേഖരം സൃഷ്ടിക്കാൻ തീരുമാനിച്ചു. ഈ നയം ഉള്ളി കയറ്റുമതിയിൽ 35 ശതമാനം വർധനവിന് കാരണമായെന്നും മോഡി അവകാശപ്പെട്ടു.
ഒമ്പത് മാസം തുടർന്ന സവാള കയറ്റുമതി നിരോധം തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മെയ് നാലിനാണ് മോഡി സർക്കാർ പിൻവലിച്ചത്. അതിനുമുമ്പ് കയറ്റുമതി തീരുവ 40 ശതമാനമാക്കിയതും കർഷക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ നാസിക് റാലി നടക്കുന്നതിന് മുമ്പ് ലാസൽഗാവിലും കർഷകർ പ്രതിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയിലെടുത്ത പോലീസ്, കർഷകരുടെ വാട്‌സാപ് കൂട്ടായ്മയുടെ അഡ്മിൻ അടക്കം 20 പേർക്ക് നോട്ടീസ് അയച്ചതായും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group