ഭുവനേശ്വർ: കോളജ് ഹോസ്റ്റലിൽ ബീഫ് പാചകം ചെയ്തുവെന്നാരോപിച്ച് ഏഴ് എൻജിനീയറിംഗ് വിദ്യാർത്ഥികളെ പുറത്താക്കി. ഒഡീഷയിലെ ബെർഹാംപൂരിലെ പരാല മഹാരാജ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. പുറത്താക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾക്ക് 2,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഈമാസം 11ന് രാത്രിയാണ് സംഭവം ഉണ്ടായത്. ചില വിദ്യാർത്ഥികൾ ഹോസ്റ്റലിൽ ബീഫ് പാകം ചെയ്തുവെന്നാരോപിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ബീഫ് ഉണ്ടാക്കിയത് പല വിദ്യാർത്ഥികൾക്കും അസ്വസ്ഥതയുണ്ടാക്കിയെന്നും അതിനാൽ കർശന നടപടി വേണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം. ഇതിന് പിന്നാലെ ഏഴ് വിദ്യാർത്ഥികളെ പുറത്താക്കി കോളേജ് അധികൃതർ ഉത്തരവിറക്കുകയായിരുന്നു.
ഹോസ്റ്റൽ ചട്ടങ്ങളും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടവും ലംഘിച്ചതിനാലാണ് വിദ്യാർത്ഥികളെ പുറത്താക്കിയതെന്നാണ് കോളേജ് അധികൃതരുടെ ഭാഷ്യം. എന്നാൽ, കോളജ് ഹോസ്റ്റലിൽ ബീഫ് കഴിക്കരുതെന്നോ പാചകം ചെയ്യരുതെന്നോ നിയമാവലിയിൽ എവിടെയും പറഞ്ഞിട്ടില്ലെന്ന് മറുവിഭാഗവും ചൂണ്ടിക്കാട്ടുന്നു. പുറത്താക്കിയ വിദ്യാർത്ഥികളെ ഉടൻ തിരിച്ചെടുക്കണമെന്നും രാജ്യത്തെ ഭരണഘടന ഒരു പൗരന് ഉറപ്പാക്കുന്ന ഭക്ഷണ സ്വാതന്ത്ര്യം അടക്കമുള്ളവ ഏതെങ്കിലും സംഘടനകളുടെ ഇംഗിതങ്ങൾക്കു വഴങ്ങി, അടിയറ വയ്ക്കുന്ന കോളജ് അധികൃതർ നടപടി തിരുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതിനിടെ, ബജ്‌റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവർത്തകർ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോളേജ് സന്ദർശിച്ചതും വിവാദമായി. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായതിനെ തുടർന്ന് കോളജിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
ഹോസ്റ്റലിൽ വിദ്യാർത്ഥികൾ ബീഫ് കഴിച്ചെന്നും കോളേജിലെ മറ്റ് ചില വിദ്യാർത്ഥികൾക്ക് ഇത് വിളമ്പിയെന്നും ചൂണ്ടിക്കാട്ടി വി.എച്ച്.പി പ്രവർത്തകർ ഗോപാൽപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.