ന്യൂഡല്‍ഹി– വഖ്ഫ് ഭേദഗതി നിയമം ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടി കാണിച്ച് സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുളള ബെഞ്ചാണ് വാദം കേള്‍ക്കുക. ജെസ്റ്റിസുമാരായ കെ.വി.വിശ്വനാഥന്‍, പി.വി. സഞ്ജയ് കുമാര്‍ എന്നിവരാണ് മറ്റു അംഗങ്ങൾ.
നിരവധി രാഷട്രീയ നേതാക്കളാണ് വഖഫ് നിയമ ഭേദഗതിക്കെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എ.ഐ.എം.ഐ.എം എംപി അസദുദ്ധീന്‍ ഒവൈസി, ടി.എം.സി എംപി മഹുവ മോയ്ത്ര, ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ, കോണ്‍ഗ്രസ് നേതാക്കളായ ഇമ്രാന്‍ മസൂദ്, മുഹമ്മദ് ജാവേദ്, മുന്‍ എംപി ഉദിത് രാജ്, ദാറുല്‍ ഉലൂം ദിയാബന്ദിന്റെ മൗലാന മഹ്‌മൂദ് അസദ് മദനി എന്നിവരാണ് പ്രധാന ഹര്‍ജിക്കാര്‍.
വഖഫ് നിയമഭേദഗതി വഖഫ് ബോര്‍ഡുകളുടെയും മതസ്ഥാപനങ്ങളുടെയും സ്വയംഭരണം നഷ്ടപ്പെടുത്തുമെന്നും, നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളോടും അനുച്ഛേദത്തിനോടും പൊരുത്തപ്പെടുന്നില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. ആര്‍ട്ടിക്കിള്‍ 14, 15, 21, 25, 26, 29, 30, 300എ എന്നിവയുടെ ലംഘനമാണ് ഹർജിക്കാരുടെ പ്രധാനവാദം
ഭേദഗതിയെ പിന്തുണച്ച് ബിജെപി ഭരണത്തിലുളള ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആസാം, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വഖഫ് ആസ്തികളുടെ കാര്യക്ഷമമായ നിയന്ത്രണത്തിനും സുതാര്യതക്കും വേണ്ടി നിയമം രൂപപ്പെടുത്തിയെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.
ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ കോടതി നടപടി സ്വീകരിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ കേവിയറ്റ് ഫയല്‍ ചെയ്തു. നിയമപരമായും സാമൂഹികമായും ഏറെ പ്രാധാന്യമുളള വിഷയമായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും കോടതിയുടെ നിരീക്ഷണത്തെ ഉറ്റുനോക്കുകയാണ്.