റായ്പൂർ: ഛത്തീസ്‌ഗഡിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. രണ്ട് സുരക്ഷാ സൈനികർ വീരചരമമടയുകയും ചെയ്തു എന്നും റിപ്പോർട്ടുണ്ട്. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിജാപൂർ ജില്ലയിൽ ഇന്ദ്രാവതി നാഷണൽ പാർക്കിന്റെ ഭാഗമായ ഉൾവനത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പൊലീസ് അറിയിച്ചത്. സിആർപിഎഫും ഛത്തീസ്‌ഗഡ് പൊലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ വിഭാഗവും ചേർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
ഇന്ന് പുലർച്ചെയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് മാവോയിസ്റ്റുകൾ ഉണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിലിനായി എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ.
അടുത്തിടെ ബിജാപൂർ ജില്ലയിൽ തന്നെയുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സൈനികർ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് വൻ തോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.