ചെന്നൈ: വൈദ്യുതപോസ്റ്റിൽനിന്ന് ഷോക്കേറ്റ് വൈദ്യുതിവകുപ്പിലെ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി ഒലയൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മണൈപ്പാറൈ സ്വദേശികളായ മാണിക്കം, കലൈമാണി എന്നിവരാണ് മരിച്ചത്. ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. കരാർ ജീവനക്കാരായിരുന്നു ഇവർ.
ഇന്ന് രാവിലെയാണ് അറ്റകുറ്റപ്പണിക്കായി ഇരുവരും എത്തിയത്. പണി തുടരുന്നതിനിടെ ഇവർ പോസ്റ്റിലുണ്ട് എന്നറിയാതെ ലൈൻ ഓണാക്കിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. ഷോക്കേറ്റ ഇവരുടെ ശരീരത്തിൽ തീപിടിക്കുന്നതും ഇതിൽ ഒരാൾ തഴേക്ക് വീഴുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്. ഇതാേടെ വൻ പ്രതിഷേധമാണ് ഉയർന്നത്.
സ്ഥലത്തെത്തിയ ബന്ധുക്കളും നാട്ടുകാരും ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. ഉത്തരവാദികളായവരെ കണ്ടെത്തി അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.