ചെന്നൈ– ചന്ദ്രയാന്‍-5 വിക്ഷേപണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വി. നാരായണന്‍ അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് ദൗത്യത്തിന് അനുമതി ലഭിച്ചതെന്ന് ബംഗളൂരുവില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം പറഞ്ഞു. ദൗത്യത്തില്‍ ജപ്പാനുമായി ഐ.എസ്.ആര്‍.ഒ സഹകരിക്കും.
ചന്ദ്രയാന്‍-5 ദൗത്യത്തില്‍ 250 കിലോഗ്രാം ഭാരമുള്ള ‘പ്രയാഗ്യാന്‍’ റോവര്‍ ഉപയോഗിക്കും. ഇത് ചന്ദ്രയാന്‍- 3 ന്റെ റോവറിനേക്കാള്‍ കൂടുതലാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ ആഴത്തില്‍ പഠിക്കാനാണ് ഈ ദൗത്യം ലക്ഷ്യം വെക്കുന്നതെന്ന് നാരായണന്‍ വ്യക്തമാക്കി.
2008ല്‍ വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാന്‍-1 ചന്ദ്രന്റെ രാസഘടന, ഫോട്ടോ-ജിയോളജിക്കല്‍ മാപ്പിങ് നടത്തിയിരുന്നു. 2019 ല്‍ ചന്ദ്രയാന്‍-2 98 ശതമാനം വിജയമായിരുന്നു. അവസാനഘട്ടത്തിലാണ് ദൗത്യം പൂര്‍ണ്ണമാവാതിരുന്നത്. ചന്ദ്രയാന്‍-2 ഇപ്പോഴും ഹൈറസല്യൂഷന്‍ കൂടിയ ചിത്രങ്ങള്‍ അയച്ചു കൊണ്ടിരിക്കുന്നു. ചന്ദ്രയാന്‍-3 ദക്ഷിണ ദ്രുവത്തില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. 2027ല്‍ വിക്ഷേപിക്കാന്‍ ലക്ഷ്യം വെക്കുന്ന ചന്ദ്രയാന്‍-4 ചന്ദ്രനില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ എത്തിക്കുക മാത്രമാണ് ലക്ഷ്യം വെക്കുന്നത്.
ഗഗയാന്‍ പദ്ദതിയും ഭാരതീയ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ചെയര്‍മാന്‍ വി. നാരായണന്‍ അറിയിച്ചു.