ന്യൂ ഡൽഹി– പോളിങ് ബൂത്തുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചപ്പോൾ സ്ത്രീകളുടെ അനുവാദം തേടിയോ എന്ന് ചോദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്.
“പോളിങ് ബൂത്ത് ഒരു ഡ്രസിങ് റൂമല്ല, സിസിടിവി സ്ഥാപിക്കുന്നതിന് മുമ്പ് സ്ത്രീകളോട് അനുവാദം ചോദിച്ചിരുന്നോ? തൊടുന്യായങ്ങള്‍ കേൾക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല, ഞങ്ങൾക്ക് വേണ്ടത് സുതാര്യതയാണ്,” എന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളന വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്.
വോട്ടർ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചിരുന്നു. എന്നാൽ, വ്യക്തവും കൃത്യവുമായ മറുപടി നൽകാൻ കമ്മീഷന് കഴിഞ്ഞില്ല.
വീട്ടുനമ്പറിന്റെ സ്ഥാനത്ത് ‘പൂജ്യം’ എഴുതിയത്, ഇന്ത്യയിൽ കോടിക്കണക്കിന് ആളുകൾക്ക് വീടില്ലാത്തതുകൊണ്ടാണെന്നായിരുന്നു കമ്മീഷന്റെ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിന്റെ പ്രതികരണം. രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ വിശദമായി അവതരിപ്പിച്ചപ്പോൾ, വോട്ടർമാരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ പരസ്യപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തുകയാണ് കമ്മീഷൻ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് രാജ് പോളിംങ് ബൂത്തിലെ സിസിടിവിയെക്കുറിച്ച് മറുചോദ്യം ഉയർത്തിയത്.