പട്ന– പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് ആർജെഡി നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ, സദർ ബസാർ, മഹാരാഷ്ട്രയിലെ ഗഡ്ഛിരോളി പൊലീസ് സ്റ്റേഷനുകളിലാണ് നടപടി. ബിജെപി നഗര പ്രസിഡന്റ് ശിൽപ്പി ഗുപ്തയുടെ പരാതിയെ തുടർന്നാണ് ഷാജഹാൻപൂരിൽ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
യാദവിന്റെ ‘അനുചിതമായ പരാമർശങ്ങൾ’ രാജ്യവ്യാപകമായി ജനങ്ങളുടെ രോഷം വിതച്ചതായി ഗുപ്ത പരാതിയിൽ ആരോപിച്ചു. സദർ ബസാർ പൊലീസ് എഫ്ഐആറിൽ, ഈ പോസ്റ്റ് പൊതുജനങ്ങളിലും പ്രവർത്തകരിലും വൻ അതൃപ്തി സൃഷ്ടിച്ചതായി പറയുന്നു. ‘ഇന്ന് വോട്ട് മോഷ്ടാവ് ബിഹാറിലെ ഗയയിൽ വരും, ബിഹാറുകാരുടെ മുന്നിൽ നുണകൾ പറയും’ എന്നായിരുന്നു പോസ്റ്റിലെ കേസിനാസ്പദമാക്കിയ പരാമർശം.
മഹാരാഷ്ട്രയിലെ ഗഡ്ഛിരോളി ജില്ലയിലും തേജസ്വിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിജെപി എംഎൽഎ മിലിന്ദ് നരോട്ടെയുടെ പരാതിയെ അടിസ്ഥാനമാക്കിയാണ് ഇത്. ബിഎൻഎസ് സെക്ഷൻ 196 (സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുക), 356 (മാനനഷ്ടം), 352 (മനപൂർവം അപമാനിക്കൽ), 353 (പൊതുജനങ്ങൾക്കു ദോഷമുണ്ടാക്കുന്ന പ്രസ്‌താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി.