ന്യൂഡൽഹി– എൻ.ഡി.എ സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബർ 9, 2025-ലെ തെരഞ്ഞെടുപ്പിൽ 767 എം.പി.മാർ വോട്ട് രേഖപ്പെടുത്തിയപ്പോൾ രാധാകൃഷ്ണൻ 452 വോട്ടുകൾ നേടി. പ്രതിപക്ഷത്തിന്റെ (ഇൻഡ്യ സഖ്യം) സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി 300 വോട്ടുകൾ നേടി. പ്രതിപക്ഷത്തിന്റെ 315 എം.പി.മാർ വോട്ട് ചെയ്തതായി കോൺഗ്രസ് അവകാശപ്പെട്ടെങ്കിലും, വോട്ടുചോർച്ച സുദർശൻ റെഡ്ഡിയുടെ വോട്ടുകൾ കുറച്ചെന്നാണ് ലഭിക്കുന്ന വിവരം.
1957 മേയ് 4-ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ സി.കെ. പൊന്നു സാമിയുടെയും കെ. ജാനകിയുടെയും മകനായി ജനിച്ച സി.പി. രാധാകൃഷ്ണൻ, ചെറുപ്പം മുതൽ ആർ.എസ്.എസ് പ്രവർത്തകനാണ്. വി.ഒ. ചിദംബരം കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്.ഡിയും നേടി. 1974-ൽ ഭാരതീയ ജനസംഘം സംസ്ഥാന നിർവാഹക സമിതി അംഗമായി. 1996-ൽ ബി.ജെ.പി തമിഴ്നാട് സെക്രട്ടറിയായി. 1998, 1999 വർഷങ്ങളിൽ കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി അധ്യക്ഷനായും പൊതുമേഖലാ സ്ഥാപനങ്ങൾ, ധനകാര്യ കൂടിയാലോചന സമിതികളിൽ അംഗമായും പ്രവർത്തിച്ചു. ഓഹരി കുംഭകോണം അന്വേഷണ സമിതിയിലും അംഗമായിരുന്നു. 2004-ൽ യു.എൻ. ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു. 2023-ൽ ജാർഖണ്ഡ് ഗവർണറായും 2024-ൽ മഹാരാഷ്ട്ര ഗവർണറായും സേവനമനുഷ്ഠിച്ചു
781 അംഗങ്ങളുള്ള ഇലക്ടറൽ കോളേജിൽ 767 പേർ വോട്ട് ചെയ്തു, 752 വോട്ടുകൾ സാധുവായി. 15 വോട്ടുകൾ അസാധുവായി, ഒരു എം.പി. വോട്ട് ചെയ്യാൻ വിസമ്മതിച്ചു. ബി.ജെ.ഡി., ബി.ആർ.എസ്., എസ്.എ.ഡി. തുടങ്ങിയ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ജഗ്ദീപ് ധൻഖറിന്റെ 2025 ജൂലൈ 21-ലെ രാജി മൂലമാണ് തെരഞ്ഞെടുപ്പ് ആവശ്യമായത്.