ന്യൂഡല്‍ഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റവതരണ അവസാനിച്ചു. നികുതി ഘടനയിലെ മാറ്റമാണ് ബജറ്റിനെ ഇത്തവണ ജനപ്രിയമാക്കുന്നത്. മധ്യവര്‍ഗ്ഗത്തെ സന്തോഷിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നികുതിയുമായി ബന്ധപ്പെട്ട് ബജറ്റിലുള്ളത്. ഇതില്‍ പ്രധാനം. 12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി ആദായനികുതി അടക്കേണ്ടെന്നതാണ് ഏറ്റവും ജനപ്രിയമായ പ്രഖ്യാപനം. പുതിയ നികുതി ഘടനയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. റ്റിഡിഎസും റിസിഎസും ഫയല്‍ ചെയ്യാനുള്ള കാലാവധി 4 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. റ്റിഡിഎസും റിസിഎസും ഫയല്‍ ചെയ്യാതിരിക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ലെന്നും ബഡ്ജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിഹാറിന് വാരിക്കോരി സഹായം പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. കുംഭമേള വിഷയം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ ബഹളം. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ലക്ഷ്യമെന്നും വികസനത്തിന് ഊന്നല്‍ നകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. വളര്‍ച്ച ത്വരിതപ്പെടുത്തുക, സുരക്ഷിതമായ സമഗ്ര വികസനം, സ്വകാര്യ നിക്ഷേപം, ഗാര്‍ഹിക വികാരം ഉയര്‍ത്തുക, ഇന്ത്യയിലെ വളര്‍ന്നുവരുന്ന മധ്യവര്‍ഗത്തിന്റെ ധനവിനിയോഗ ശേഷി വര്‍ദ്ധിപ്പിക്കുക എന്നീ അഞ്ച് കാര്യങ്ങള്‍ പ്രധാന ലക്ഷ്യമായി ധനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ മുന്നില്‍ കണ്ട് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനം നടത്തുമ്പോള്‍ സാധാരണക്കാര്‍ കാതോര്‍ക്കുന്നത് വിലകുറയുന്നത് എന്തിനെല്ലാമാണെന്ന പ്രഖ്യാപനത്തിനുവേണ്ടിയാണ്. ഇടത്തരക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് നേരത്തേ സൂചനകള്‍ വന്നിരുന്നതിനാല്‍ തന്നെ നിത്യജീവിതത്തിന് സഹായകമാകുന്ന തരത്തില്‍ ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍.
കാന്‍സര്‍, വിട്ടുമാറാത്ത അസുഖങ്ങള്‍ എന്നിവയ്ക്കുള്ള 36 ജീവന്‍രക്ഷാ മരുന്നുകള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കിയതാണ് ഏറ്റവും പ്രധാനം. ഇതിനുപുറമേ ഇലക്ട്രോണിക് ഉല്പന്നങ്ങള്‍, ഇലക്ട്രോണിക് വാഹനങ്ങള്‍ എന്നിവയ്ക്കും വില കുറയും.
ഗോബാള്‍ട്ട് പൗഡര്‍ ആന്‍ഡ് വേസ്റ്റ്, ലിഥിയം അയണ്‍ ബാറ്ററിയുടെ സ്‌ക്രാപ്പ്, ലെഡ്, സിങ്ക് തുടങ്ങി 12 പ്രധാനപ്പെട്ട മിനറലുകള്‍ എന്നിവ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. ഇലക്ട്രോണിക് വാഹനങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, മൊബൈല്‍ ഫോണ്‍ ബാറ്ററിയുടെ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ബജറ്റ് അവതരണത്തില്‍ മൊബൈല്‍ ഫോണുകള്‍, ചാര്‍ജര്‍, കാന്‍സര്‍ മരുന്നുകള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ വലിയ രീതിയില്‍ വെട്ടിക്കുറച്ചിരുന്നു. സ്വര്‍ണം, വെള്ളി എന്നിവയുടെ തീരുവ ആറുശതമാനമായും പ്ലാറ്റിനത്തിന്റേത് 6.4ശതമാനമായും കുറച്ചിരുന്നു.