കൊച്ചി: കുട്ടിക്കാലം മുതലെ ബാലയെ തനിക്ക് ഒത്തിരി ഇഷ്ടമായിരുന്നുവെന്ന് നടൻ ബാലയുടെ പുതിയ വധു കോകില. വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബന്ധു കൂടിയായ കോകിലയുടെ പ്രതികരണം.
കുട്ടിക്കാലം മുതലെ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്. ചെന്നൈയിലാണ് എന്റെ വീട്. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച് വീട്ടിൽ ഒരു ഡയറി വരെ ഞാൻ എഴുതി വച്ചിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അവളുടെ മനസിലുള്ള ഇഷ്ടം അറിഞ്ഞപ്പോൾ എന്നിൽ ഞെട്ടലാണുണ്ടായതെന്ന് നടൻ ബാലയും പ്രതികരിച്ചു. വർഷങ്ങളായി മനസിൽ കൊണ്ടുനടക്കുന്ന ഇഷ്ടമാണിത്. ആ ഡയറി വായിച്ചപ്പോഴാണ് എനിക്കത് മനസിലായത്. എന്നെ സ്നേഹിക്കുന്ന ആളുണ്ടെന്ന് മനസിലാക്കി. ആ ഡയറി ഒരിക്കലും കള്ളമല്ല. അതിൽ ആത്മാർത്ഥതയുണ്ടെന്നും തന്നെ അനുഗ്രഹിക്കണമെന്ന് തോന്നുന്നവർക്ക് അനുഗ്രഹിക്കാമെന്നും ഇല്ലേൽ പ്രശ്നമില്ലെന്നും വിവാഹ ശേഷം നടൻ ബാല പറഞ്ഞു.
ഇന്ന് രാവിലെയാണ് ബാല വീണ്ടും വിവാഹിതനായത്. ബാലയുടെ ചെന്നൈയിലുള്ള അമ്മാവന്റെ മകൾ കോകിലയെയാണ് താരം ജീവിത സഖിയാക്കിയത്. കൊച്ചിയിലെ കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു താരത്തിന്റെ നാലാമത്തെ വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളാൽ ബാലയുടെ അമ്മയ്ക്ക് അടക്കം എത്താൻ സാധിച്ചിരുന്നില്ല.
താൻ വീണ്ടും വിവാഹിതനാകുമെന്ന് ഈയിടെ നടൻ വെളിപ്പെടുത്തിയിരുന്നു. ഗായികയായ മുൻ ഭാര്യയും ബാലയും തമ്മിലുള്ള തർക്കം അടുത്തിടെ രൂക്ഷമാകുകയും നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
2019-ൽ ഡിവോഴ്സായ ബന്ധത്തിൽ മകളെ കാണാൻ അനുവദിക്കാറില്ലെന്നും അച്ഛനെന്ന നിലയിലുള്ള തന്റെ അവകാശം നിഷേധിക്കുകയാണെന്നും ബാല പറഞ്ഞത് വലിയ ചർച്ചയായിരുന്നു. തുടർന്ന് മകൾ സംഭവത്തിൽ പ്രതികരിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടുകയും സൈബർ ആക്രമണങ്ങൾക്കും ഇടയാക്കുകയുണ്ടായി. തുടർന്നായിരുന്നു താരത്തെ പോലീസ് അറസ്റ്റ് ചെയ്ത് കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചത്.