- ഭരണഘടന കൈയിലേന്തി കേരളീയ വേഷത്തിലായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ
ന്യൂഡൽഹി: കന്നിയങ്കത്തിൽ കൂറ്റൻ ഭൂരിപക്ഷവുമായി വയനാട്ടിൽ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുമാതൃക ഉയർത്തിപ്പിടിച്ച് കേരളീയ വേഷത്തിൽ കസവ് സാരിയുടുത്താണ് പ്രിയങ്ക വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്ത്.
ലോക്‌സഭാ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയ്ക്കു പുറമെ, രാജ്യസഭാംഗം കൂടിയായ അമ്മ സോണിയ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മക്കൾ, കേരളത്തിൽനിന്നുള്ള പ്രതിനിധി സംഘത്തിലെ നേതാക്കൾ തുടങ്ങിയവരെല്ലാം സത്യപ്രതിജ്ഞയ്ക്കു സാക്ഷിയായി സന്ദർശക ഗ്യാലറിയിലെത്തിയിരുന്നു.
കേരളത്തിൽനിന്നുള്ള ഏക വനിതാ ലോക്‌സഭാംഗം കൂടിയായ പ്രിയങ്കയുടെ വരവ് ലോകസഭയിൽ ഇന്ത്യാ മുന്നണിയുടെ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്താകുമെന്നാണ് പ്രതീക്ഷ.
പ്രിയങ്കയ്ക്കു പിന്നാലെ, മഹാരാഷ്ട്രയിൽ നിന്നും വിജയിച്ച രവീന്ദ്ര വസന്ത് റാവുവും എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.
അതിനിടെ, പ്രിയങ്കയുടെ സത്യപ്രതിജ്ഞയ്ക്കു തൊട്ടു പിന്നാലെ പരിഹാസവുമായി ബി.ജെ.പി ഐ.ടി സെൽ മേധാവി രംഗത്തെത്തി. പ്രിയങ്കാ ഗാന്ധി മുസ്‌ലിം ലീഗ് എം.പി എന്നാണ് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പരിഹസിച്ചത്.
വയനാട്ടിൽനിന്നുള്ള മുസ്‌ലിം ലീഗ് എം.പി സത്യപ്രതിജ്ഞ ചെയ്തു, ഗാന്ധി കുടുംബത്തെ സംബന്ധിച്ച് അഭൂതപൂർവമായ നിമിഷം എന്നാണ് അമിത് മാളവ്യ എക്‌സിൽ കുറിച്ചത്.
ബി.ജെ.പിയുടെ അസഹിഷ്ണുതയുടെ തെളിവാണ് മാളവ്യയുടെ പ്രതികരണമെന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ എംപി തിരിച്ചടിച്ചു. വയനാട്ടിലെ ജനങ്ങളെ ബി.ജെ.പി അപമാനിക്കുകയാണ്. ഏറ്റവും കൂടുതൽ ആദിവാസി വിഭാഗം ഉള്ള ജില്ലയാണ് വയനാട് എന്ന് ബി.ജെ.പി ഓർക്കണമെന്നും അസഹിഷ്ണുത വെടിയണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഈമാസം 30, ഡിസംബർ ഒന്ന് തിയ്യതികളിൽ വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാനായി പ്രിയങ്ക ഗാന്ധി വയനാട്ടിൽ പര്യടനം നടത്തും.