ന്യൂഡൽഹി– രാജ്യതലസ്ഥാനമായ ഡൽഹിയുടെ പേര് മാറ്റി ‘ഇന്ദ്രപ്രസ്ഥ’ എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎ. ഡൽഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് വസീർപൂർ എംഎൽഎ പൂനം ശർമ ഈ ആവശ്യം ഉന്നയിച്ചത്. നഗരത്തെ അതിന്റെ പൗരാണിക വേരുകളുമായി ബന്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് അവർ പറഞ്ഞു.
ഡൽഹിയുടെ പേര് മാറ്റുന്നതിനായി മുഖ്യമന്ത്രി രേഖാ ഗുപ്ത നിയമസഭയിൽ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയക്കണമെന്ന് പൂനം ശർമ ആവശ്യപ്പെട്ടു. ഡൽഹിയുടെ പേര് മാറ്റുന്നത് രാജ്യത്തെ സാംസ്കാരിക നവോത്ഥാനത്തിന്റെ നിർണായക അധ്യായമായി മാറുമെന്നും എംഎൽഎ അവകാശപ്പെട്ടു.
മഹാഭാരത കാലത്തോളം പഴക്കമുള്ളതാണ് ഡൽഹിയുടെ ചരിത്രമെന്നും ഇന്ദ്രപ്രസ്ഥ എന്ന നഗരം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ സാംസ്കാരികവും ചരിത്രപരവുമായ തെളിവുകളുണ്ടെന്നും പൂനം ശർമ ചൂണ്ടിക്കാട്ടി. ഡൽഹി എന്ന പേര് പിൽക്കാലത്ത് വന്നതാണെന്നും അവർ പറഞ്ഞു. ഇന്ദ്രപ്രസ്ഥ എന്ന പേര് ഭാരതം ‘സ്വർണ്ണപ്പക്ഷി’ എന്ന് അറിയപ്പെട്ടിരുന്ന കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നു. പുതിയ പേര് രാജ്യത്തിന് വലിയ സാംസ്കാരിക അംഗീകാരം നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു.
നേരത്തെ ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാൾ ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. ഡൽഹി ആധുനിക അടിസ്ഥാന സൗകര്യങ്ങളാൽ സമ്പന്നമാകുന്നതിനൊപ്പം സനാതന ധർമ്മത്തിന്റെ മഹിമയിൽ അടിയുറച്ചതാകണമെന്നാണ് രേഖാ ഗുപ്ത സർക്കാരിന്റെ നിലപാടെന്നും പൂനം ശർമ സഭയിൽ വ്യക്തമാക്കി.



