ന്യൂദല്‍ഹി – ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും ലോകമാകെ രാമായണ ഉത്സവം സംഘടിപ്പിക്കുമെന്നം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുമെന്നും അടക്കമുള്ള വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി ബി ജെപ ിയുടെ പ്രകടന പത്രിക. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രികയിലൂടെ ഉന്നമനം ലക്ഷ്യമിടുന്ന വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രകടന പത്രിക കൈമാറി.
മൂന്ന് കോടി സ്ത്രീകള്‍ക്ക് ലക്ഷം രൂപ വരുമാനം ഉറപ്പാക്കുമെന്നും ലഖ്പതി ദീദി പദ്ധതിയിലൂടെ ഒരു കോടി ആളുകള്‍ക്ക് നിലവില്‍ ഈ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും പ്രകടനപത്രികയില്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. ഗ്ലോബല്‍ മാനുഫാക്ചറിങ് ഹബ് ആയി രാജ്യത്തെ മാറ്റും. യുവാക്കള്‍, ദരിദ്രര്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരെ ശക്തരാക്കാന്‍ ഉള്ള പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയിലുണ്ടെന്ന് നരേന്ദ്ര മോഡി പറഞ്ഞു.
ലോകമാകെ രാമായണ ഉത്സവം സംഘടിപ്പിക്കും. അയോധ്യയില്‍ കൂടുതല്‍ വികസനം ഉറപ്പാക്കും. കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിച്ച് വെയ്റ്റിങ് ലിസ്റ്റ് ബുദ്ധിമുട്ടുകള്‍ അവസാനിപ്പിക്കും. വടക്ക് – തെക്ക് ബുള്ളറ്റ് ട്രെയിന്‍ കോറിഡോര്‍ സംബന്ധിച്ച് സാധ്യതാ പഠനം നടത്തും. 6 ജി സങ്കേതിക വിദ്യ വികസിപ്പിക്കും. സൗജന്യ റേഷന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരും. കൂടുതല്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കും. 70 ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആയുഷ്മന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ഉണ്ട്.
വൈദ്യുതി ബില്‍ പൂജ്യമാക്കാന്‍ ശ്രമിക്കും. വൈദ്യുതിയിലൂടെ വരുമാനം ഉറപ്പാക്കാന്‍ ശ്രമിക്കും. മുദ്ര യോജന ലോണ്‍ തുക 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കും. പ്രധാന മന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കും. 70 ന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും ആയുഷ്മന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കും. തുടങ്ങിവയാണ് മറ്റ് വാ?ഗ്ദാനങ്ങള്‍. 10 വര്‍ഷം കൊണ്ട് ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കിയെന്നും നരേന്ദ്ര മോഡി പറഞ്ഞു.