ന്യൂഡൽഹി– ഹിന്ദി അറിയാത്തതിൻ്റെ പേരിൽ സൗത്ത് ആഫ്രിക്കൻ പൗരനെതിരെ ഭീഷണിയുമായി ബിജെപി കൗൺസിലർ. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ ഫുട്ബോൾ പരിശീലകനെ ഡൽഹിയിലെ പ്രതാപ്ഗഞ്ച് ബിജെപി കൗൺസിലറായ രേണു ചൗധരിയാണ് ഭീഷണിപ്പെടുത്തിയത്. ഡൽഹിയിലെ കുട്ടികൾക്ക് 12 വർഷമായി ഫുട്ബോൾ പരിശീലനം നൽകുന്ന കോച്ചിനെതിരെയാണ് ബിജെപി കൗൺസിലറിന്റെ ഭീഷണി. പബ്ലിക് പാർക്കിൽ വെച്ച് ആൾക്കൂട്ടത്തിനിടയിൽ വിദേശിയോട് ദേഷ്യപ്പെടുന്നത്.
എന്തുകൊണ്ടാണ് ഇന്ത്യയിലെത്തിയ വിദേശികൾ ഹിന്ദി ഭാഷ പഠിക്കാത്തതെന്നും ഇത് ശരിയല്ലെന്നും പറഞ്ഞാണ് രേണു ചൗധരി പബ്ലിക് പാർക്കിലെ ആൾക്കൂട്ടത്തിനിടയിൽ വിദേശിയോട് ദേഷ്യപ്പെടുന്നത്. എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും ഹിന്ദി പഠിക്കാതിരുന്നതെന്നതിന്റെ വിശദീകരണം ചോദിച്ച ബിജെപി നേതാവ് ഒരു മാസത്തിനകം ഹിന്ദി പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ പാർക്കിൽ നിന്ന് പിടിച്ച് പുറത്താക്കാനും ആവശ്യപ്പെട്ടു.
പരിശീലകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ രേണു ചൗധരി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ബിജെപി നേതാവിനെതിരെ രംഗത്തെത്തിയത്.
12 വർഷമായി ഡൽഹിയിൽ കുട്ടികളെ താൻ ഫുട്ബോൾ പരിശീലിപ്പിക്കുന്നുണ്ടെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവം നേരിടുന്നത്. താൻ ഭയന്നുപോയെന്നും പരിശീലകൻ പറഞ്ഞു.



