പട്ന– ബിഹാറിലെ പട്നയിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. ബിജെപി നേതാവായ സുരേന്ദ്ര കെവാടിനെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാൻ മോർച്ചയുടെ മുൻ ബ്ലോക്ക് പ്രസിഡന്‍റാണ് സുരേന്ദ്ര കെവാട്. ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാവായ വ്യവസായിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ മറ്റൊരു പ്രധാന ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്.
വെള്ളിയാഴ്ച വൈകിട്ട് പട്നയിലെ രാമകൃഷ്ണ നഗറിൽ വ്യവസായിയായ വിക്രം ജായും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് മുമ്പായി ജൂലൈ പത്തിന് 50 വയസുകാരനായ ഖനി വ്യവസായിയെയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ജൂലൈ നാലിന് ഗോപാൽ ഖേംകയുടെ കൊലപാതകത്തിന് പിന്നാലെയാണ് അടുത്തടുത്ത ദിവസങ്ങളിലായി വിക്രം ജായുടെയും സുരേന്ദ്രയുടെയുമടക്കം മൂന്ന് കൊലപാതകങ്ങള്‍ നടക്കുന്നത്. നാല് പേരാണ് സമാനമായ രീതിയിൽ ബിഹാറിൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി ആർജെഡി രംഗത്തെത്തി. ബിഹാറിലെ അക്രമങ്ങളിൽ ആരോട് പറയാൻ ആര് കേൾക്കാനെന്ന് തേജസ്വി യാദവ് തുറന്നടിച്ചു. എൻഡിഎ സർക്കാറിൽ ആരെങ്കലും പറയുന്നത് കേൾക്കാനോ തെറ്റ് സമ്മതിക്കാനോ ഉണ്ടോയെന്നും തേജസ്വി യാദവ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ പറ്റി എല്ലാവർക്കും അറിയാം.എന്നാൽ ഒരു പ്രയോജനവുമില്ലാത്ത രണ്ട് ബിജെപി ഉപമുഖ്യമന്ത്രിമാർ എന്തിനാണവിടെ ഇരിക്കുന്നതെന്നും തേജസ്വി യാദവ് ചോദിച്ചു.
സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ആവർത്തിക്കുമ്പോഴും മുഖ്യമന്ത്രിയോ ഉപ മുഖ്യമന്ത്രിമാരോ ഒന്നും ചെയ്യുന്നില്ലെന്നാണ് ആർജെഡിയുടെ ആരോപണം. ദിവസവും നടക്കുന്ന കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ആർക്കാണെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് ചോദിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം പൂർണമായും തകർന്നുവെന്നും സർക്കാർ മൗനം പാലിക്കുകയാണെന്നും ആർജെഡി ആരോപിച്ചു. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അടുത്തടുത്ത ദിവസങ്ങളിലായി കൊലപാതകങ്ങൾ അരങ്ങേറിയത്.