പട്ന: ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 35.5 ലക്ഷം പേരെ നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടി സ്വീകരിക്കുന്നത്.
ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐഡി തുടങ്ങി ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തവരും, മരിച്ചവരുടെയും,രണ്ടുതവണ രജിസ്റ്റർ ചെയ്തവരുടെയും പേരുകളും പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. കമ്മീഷന്റെ കണക്കുകൾ പ്രകാരം, നിലവിലുള്ള വോട്ടർമാരിൽ 1.59 ശതമാനം പേർ മരണപ്പെട്ടിട്ടും പട്ടികയിൽ അവരുടെ പേര് തുടരുന്നതാണ് സ്ഥിതി.
അതേസമയം, 17.5 ലക്ഷം പേർ സ്ഥിരമായി ബിഹാറിൽ നിന്ന് താമസം മാറിയതായും, 5.5 ലക്ഷം പേർ ഇരട്ട രജിസ്‌ട്രേഷൻ നടത്തിയതും കണ്ടെത്തിയതായി കമ്മീഷൻ വ്യക്തമാക്കി. നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്ന് കുടിയേറി വന്നവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, വിശദമായ പരിശോധനയ്ക്ക് ശേഷമാകും ഇവരുടെ പേരുകൾ ഒഴിവാക്കുക എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
6.5 കോടി വോട്ടർമാർ ഇതിനോടകം എൻറോൾമെന്റ് ഫോറം സമർപ്പിച്ചുകഴിഞ്ഞതായി കമ്മീഷൻ അറിയിച്ചു. ആകെ വോട്ടർമാരിൽ ഇത് 88.18 ശതമാനം ആണ്. ജൂലൈ 25 വരെ ഫോറം സമർപ്പിക്കാനുള്ള അവസരം ജനങ്ങൾക്കുണ്ട്.
നിലവിലെ വോട്ടർ പട്ടികയിൽ ശുദ്ധീകരണത്തിനായി സ്പെഷൽ ഇൻറ്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടത്തപ്പെടുന്നതിന്റെ ഭാഗമായാണ് ഇവയുള്ളത് എങ്കിലും, ഇത് പൗരത്വ നിഷേധ ശ്രമമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നു. എസ്‌ഐആർ നടപടിക്കെതിരായ ഹരജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ആധാർ, റേഷൻ കാർഡ്, വോട്ടർ ഐഡി എന്നിവയുടെ അടിസ്ഥാനത്തിൽ വേരിഫിക്കേഷൻ നടത്താൻ കോടതി നിർദേശിച്ചിരിക്കുകയാണ്. കേസ് അടുത്ത തവണ ജൂലൈ 28ന് വീണ്ടും പരിഗണിക്കും.
2003ൽ നടന്ന സമഗ്ര പുനരവലോകനത്തിന് ശേഷം ഇത്ര വലിയൊരു വോട്ടർ പട്ടിക പുതുക്കൽ ബീഹാറിൽ നടക്കുന്നത് ഇതാദ്യമാണ്. പഴയ പട്ടികയിൽ ഉൾപ്പെടാത്ത എല്ലാ വോട്ടർമാരും ഈ അവസരത്തിൽ ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.