ബിഹാറിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ ഘട്ടങ്ങളിലായി പൂർത്തിയാക്കണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രധാന രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 2025 നവംബർ 22-ന് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും പട്‌നയിലുണ്ട്.
ഭരണകക്ഷിയായ എൻഡിഎയിലെ ബിജെപി, ജെഡി(യു) എന്നിവരും പ്രതിപക്ഷ സഖ്യമായ മഹാഗഠ്ബന്ധനിലെ ആർജെഡി, കോൺഗ്രസ് തുടങ്ങിയ കക്ഷികളുമാണ് തെരഞ്ഞെടുപ്പ് ഏറ്റവും കുറഞ്ഞ ഘട്ടങ്ങളിലായി നടത്തണം എന്ന ആവശ്യം ഉന്നയിച്ചത്. ഘട്ടങ്ങൾ കുറയ്ക്കുന്നത് വോട്ടർമാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നും ഭരണപരമായ ചെലവുകൾ കുറയ്ക്കുമെന്നും പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. 2020-ൽ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെുപ്പ് നടന്നത്. ഇത് പ്രചാരണ പരിപാടികൾ ദീർഘമാവാനും വോട്ടർമാരുടെ താൽപര്യം കുറയാനും ഇടയായെന്ന് പാർട്ടികൾ ചൂണ്ടിക്കാട്ടി. വോട്ടർമാരുടെ സൗകര്യമാണ് പ്രധാനമെന്ന് ആർജെഡി നേതാവും ബിഹാറിലെ പ്രതിപക്ഷ മുന്നണിയുടെ പ്രധാന നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് നടത്തിപ്പിലെ കാര്യക്ഷമത വർധിപ്പിക്കാൻ കുറഞ്ഞ ഘട്ടങ്ങളാണ് സഹായിക്കുകയെന്ന് ജെഡി(യു) നേതാവ് സഞ്ജയ് ഝാ അഭിപ്രായപ്പെട്ടു.
പാർട്ടികളുടെ ആവശ്യം പരിഗണിക്കുമെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ബിഹാറിലെ മുൻകാല തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് വലിയ പ്രാധാന്യം നൽകുമെന്നാണ് കമ്മീഷൻ പറയുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ ലഭ്യത, ഗതാഗത സൗകര്യം, സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം, ഗ്രാമീണ മേഖലകളിലെ വോട്ടർമാരുടെ സൗകര്യം എന്നിവയെല്ലാം പരിഗണിച്ച ശേഷമേ ഘട്ടങ്ങളുടെ എണ്ണത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.
സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തിയ കമ്മീഷൻ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിയതിയും ഘട്ടങ്ങളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.