ന്യൂഡല്‍ഹി– രാജ്യ തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ഇന്ദ്രപ്രസ്ഥ അപ്പോളോയില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥ നേരിടുന്ന രോഗികള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച സൗജന്യ ബെഡ് ക്വാട്ട ഉപയോഗത്തില്‍ വലിയ അഴിമതി. വെറും പത്തിലൊന്നു മാത്രം ബെഡുകളാണ് ശരിയായ രീതിയില്‍ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ട്.
1994ല്‍ ഡല്‍ഹി സര്‍ക്കാര്‍ അപ്പോളോ ആശുപത്രിയിലെ 600 ബെഡുകളില്‍ മൂന്നിലൊന്ന് ദരിദ്ര രോഗികള്‍ക്ക് സൗജന്യമായി നല്‍കണമെന്ന വ്യവസ്ഥയോടെ 15 ഏക്കര്‍ ഭൂമി കുറഞ്ഞ നിരക്കില്‍ ആശുപത്രിക്ക് കൈമാറിയിരുന്നു.
ഔദ്യോഗിച്ച രേഖകള്‍ പ്രകാരം 2012 മുതല്‍ 2024 വരെയുളള 12 വര്‍ഷത്തിനിടെ സാമ്പത്തികമായി പിന്നോക്കം നേരിടുന്ന രോഗികള്‍ക്കുള്ള ബെഡുകള്‍ ശരാശരി ഉപയോഗിച്ചത് വെറും 17 ശതമാനം മാത്രമാണ്. 2014-15ല്‍ ഇത് 12 ശതമാനമായി താഴ്ന്നതായും 2018-19ല്‍ മാത്രം 20 ശതമാനത്തോളം എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിബന്ധനകള്‍ പാലിക്കാതെ ചികിത്സ ലഭിക്കേണ്ടവരെ അവഗണിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.