ഹൈദരാബാദ്– സ്വാതന്ത്ര്യദിനത്തിൽ അറവുശാലകളും മാംസവിൽപന കടകളും അടച്ചിടണമെന്ന് രാജ്യത്തെ ചില മുനിസിപ്പൽ കോർപറേഷനുകൾ ഉത്തരവിട്ടതിനെതിരെ ശക്തമായ പ്രതിഷേധം.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്റെ ഉത്തരവിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീൻ ഉവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഈ നിർദേശം ക്രൂരവും ഭരണഘടനാവിരുദ്ധവുമാണെന്ന് അദ്ദേഹം ആരോപിച്ചു. “ഇന്ത്യയിലെ പല നഗരസഭകളും ആഗസ്റ്റ് 15ന് അറവുശാലകളും മാംസവിൽപന കേന്ദ്രങ്ങളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. ചില നഗരസഭകൾ ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 16നും മാംസവിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യം, സ്വകാര്യത, ഉപജീവനം, സംസ്കാരം, പോഷകാഹാരം, മതം എന്നിവയെ ലംഘിക്കുന്നതാണ്. മാംസം കഴിക്കുന്നതിനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനും എന്ത് ബന്ധമാണ് ഉള്ളത്? തെലങ്കാനയിൽ 99% ആളുകളും മാംസാഹാരികളാണ്,” ഉവൈസി എക്സിൽ കുറിച്ചു.
മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ, കല്യാൺ-ഡോംബിവാലി, മലേഗാവ്, നാഗ്‌പൂർ തുടങ്ങിയ മുനിസിപ്പൽ കോർപറേഷനുകളും സമാന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ ഭരണകക്ഷി ഇക്കാര്യത്തിൽ ഭിന്നതാത്പര്യങ്ങൾ പ്രകടിപ്പിക്കുന്നു. എൻ.സി.പി നിയന്ത്രണങ്ങളെ എതിർക്കുമ്പോൾ, ബി.ജെ.പി നേതാക്കൾ അനുകൂല നിലപാട് സ്വീകരിക്കുന്നു.
“സ്വാതന്ത്ര്യദിനത്തിൽ എന്ത് കഴിക്കണമെന്നത് ഞങ്ങളുടെ ഇഷ്ടമാണ്. നവരാത്രി ദിനങ്ങളിൽ പോലും ഞങ്ങളുടെ പ്രസാദത്തിൽ മത്സ്യവും ചെമ്മീനും ഉൾപ്പെടുന്നു. ഇതാണ് ഞങ്ങളുടെ സംസ്കാരം ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ പ്രതികരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറും ഉത്തരവിനെ എതിർത്തു. “മതവിശ്വാസത്തിന്റെ പേര് പറഞ്ഞ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ മനസ്സിലാക്കാം. എന്നാൽ, സ്വാതന്ത്ര്യദിനത്തിലെ നിരോധനം ഒരു തരത്തിലും അംഗീകരിക്കാനാവില്ല,” അദ്ദേഹം വ്യക്തമാക്കി.