ലഖ്‌നൗ– ലഖ്‌നൗ സർവകലാശാലയിലെ ചരിത്രപ്രധാനമായ ലാൽ ബരദാരി മന്ദിരത്തെച്ചൊല്ലിയുള്ള തർക്കം വലിയ രാഷ്ട്രീയ-വിദ്യാർത്ഥി പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി അധികൃതർ പ്രവേശന കവാടം അടച്ചതോടെയാണ് ക്യാമ്പസിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. റമദാൻ മാസത്തിന്റെ തുടക്കത്തിൽ നമസ്‌കാരത്തിന് വിലക്കേർപ്പെടുത്തിയ നടപടിയാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഞായറാഴ്ച പ്രവേശന കവാടം വെൽഡിങ് ചെയ്ത് അടച്ചതോടെ മുസ്ലിം വിദ്യാർത്ഥികൾ കെട്ടിടത്തിന് പുറത്ത് നമസ്‌കാരം നടത്തി. ഈ സമയം ഇവർക്ക് സംരക്ഷണമൊരുക്കി ഹിന്ദു വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ചുറ്റും മനുഷ്യചങ്ങല തീർത്തത് ശ്രദ്ധേയമായിരുന്നു. ഉത്തർപ്രദേശിന്റെ ‘ഗംഗാ-ജമുനി’ സംസ്‌കാരത്തിന്റെ ഉദാത്തമായ മാതൃകയായി ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. എന്നാൽ പ്രതിഷേധത്തിനിടെ ബാരിക്കേഡുകൾ നീക്കാനും നിർമ്മാണ സാമഗ്രികൾ എറിയാനും ശ്രമമുണ്ടായതോടെ ക്യാമ്പസിൽ സംഘർഷാവസ്ഥ ഉടലെടുത്തു.


തിങ്കളാഴ്ച വൈകുന്നേരത്തോടെ എബിവിപിയും മറ്റു ഹിന്ദു വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാലയങ്ങൾ മതപരമായ പ്രവർത്തനങ്ങൾക്കുള്ള സ്ഥലമല്ലെന്ന് ആരോപിച്ച് ലാൽ ബരദാരിക്ക് സമീപം ഇവർ ഹനുമാൻ ചാലീസ ജപിക്കുകയും ജയ്ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് ഇവരെ തടയുകയും പലരെയും കരുതൽ തടങ്കലിലാക്കുകയും ചെയ്തു.
എൻഡിടിവി റിപ്പോർട്ട് പ്രകാരം ലഖ്‌നൗ സർവകലാശാലയിൽ ബജ്രംഗ്ദൾ പ്രവർത്തകർ നടത്തിയ നമസ്‌കാര വിരുദ്ധ പ്രതിഷേധത്തെത്തുടർന്ന് ക്യാമ്പസിൽ വൻ സംഘർഷാവസ്ഥ നിലനിൽക്കുന്നു. ലാൽ ബരദാരി മന്ദിരത്തിന് സമീപം മുസ്ലിം വിദ്യാർത്ഥികൾ നമസ്‌കരിക്കുന്നതിനെതിരെയാണ് ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്ന് ഉച്ചയോടെ സർവകലാശാലാ കവാടത്തിന് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് പോലീസുമായി ഉരസലിന് കാരണമായി. വിദ്യാലയങ്ങൾ മതപരമായ ചടങ്ങുകൾക്ക് വേദിയാക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിൽ സമാജ്‌വാദി ഛത്ര സഭ, NSUI തുടങ്ങിയ സംഘടനകൾ നമസ്‌കരിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായി മനുഷ്യച്ചങ്ങല തീർത്തതിന് പിന്നാലെയാണ് ഇപ്പോൾ ബജ്രംഗ്ദളിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
സംഘർഷസാധ്യത കണക്കിലെടുത്ത് സർവകലാശാലാ പരിസരത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള ചേരിതിരിവ് ശക്തമായതോടെ ക്ലാസ് നടപടികളെയും ഇത് ബാധിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ശാന്തമാക്കാൻ സർവകലാശാലാ അധികൃതർ വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ചയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ക്യാമ്പസിനുള്ളിൽ ഇപ്പോഴും കടുത്ത സമ്മർദ്ദം നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലാൽ ബരദാരി ഒരു മസ്ജിദല്ലെന്നും മറിച്ച് ഏതുനിമിഷവും തകർന്നു വീഴാവുന്ന ചരിത്രസ്മാരകമാണെന്നുമാണ് സർവ്വകലാശാലയുടെ നിലപാട്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് പ്രവേശനം നിരോധിച്ചതെന്നും പുരാവസ്തു വകുപ്പ് നിർദ്ദേശപ്രകാരമാണ് നടപടികളെന്നും അധികൃതർ വ്യക്തമാക്കുന്നു.



