ഭൂവനേശ്വർ– ഛത്തീസ്ഗഡിനു പിന്നാലെ ഒഡീഷയിലും ക്രൈസ്തവ വൈദികരെയും ലക്ഷ്യമാക്കി സംഘപരിവാറിന്റെ ആക്രമണം. ഒഡീഷയിലെ ജലേശ്വർ ജില്ലയിലെ ഗംഗാധർ ഗ്രാമത്തിലാണ് ഏറ്റവും പുതിയ ആക്രമണം അരങ്ങേറിയത്. മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണത്തിലാണ് എഴുപത് പേരോളം വരുന്ന ബജ്റംങ്ദൾ പ്രവർത്തകർ അക്രമണം അഴിച്ചുവിട്ടത്.
ബാലസോർ രൂപതയുടെ കീഴിൽ സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികരായ ഫാ. ലിജോ നിരപ്പേൽ, ഫാ. വി. ജോജോ, കൂടാതെ കന്യാസ്ത്രീകളും അവരുടെ സഹായിയുമാണ് ക്രൂരമായി മർദിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്‌ച വൈകിട്ട് അഞ്ചിനാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് വർഷം മുമ്പ് മരിച്ച ക്രൈസ്തവ മതവിശ്വാസിയുടെ വീട്ടിൽ നടന്ന അനുസ്മരണ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാനായാണ് വൈദികരും കന്യാസ്ത്രീകളും ഗ്രാമത്തിലെത്തിയത്. രാത്രി എട്ടരയോടെ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് അക്രമം അരങ്ങേറിയത്.
“ഇവിടെ എന്തിനാണ് വന്നത്? മതപരിവർത്തനത്തിന് വന്നതല്ലേ?” എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം ആരംഭിച്ചത്. തങ്ങളുടെ വീട്ടിലേക്കാണ് വന്നതെന്ന് ഗ്രാമത്തിലുള്ളവർ പറഞ്ഞിട്ട് പോലും അക്രമികൾ കേൾക്കാൻ തയ്യാറായില്ല. തുടര്‍ന്ന് പൊലീസാണ് സ്ഥലത്തെത്തി ഇവരെ സുരക്ഷിതമായി പുറത്തുകൊണ്ടുപോയത്.
“കേസെടുമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും, ബജ്റംങ്ദൾ ശക്തമായി നിലകൊള്ളുന്ന പ്രദേശമായതുക്കൊണ്ട് പരാതി നൽകിയാൽ തുടർന്നും പ്രതികാരം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഞങ്ങൾ ഈ വിഷയം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തും,” എന്ന് ഫാ. ലിജോ നിരപ്പേൽ പറഞ്ഞു.