ന്യൂഡല്‍ഹി– മുസ്ലിംകള്‍ക്കെതിരെ സര്‍ബത്ത് ജിഹാദ് വിദ്വേഷ പരാമര്‍ശം നടത്തിയ യോഗ ഗുരു ബാബ രാംദേവിനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. രാംദേവിന്റെ പരാമര്‍ശം ന്യായീകരിക്കാന്‍ കഴിയാനാവാത്തതും കോടതിയുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ജസ്റ്റിസ് അമിത് ബന്‍സാല്‍ നിരീക്ഷിച്ചു.
രാജ്യത്ത് സര്‍ബത്ത് വില്‍ക്കുന്ന മുസ്ലികളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ തങ്ങളുടെ വരുമാനം പള്ളികളും മദ്‌റസകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുകയാണെന്നും അതുകൊണ്ട് സര്‍ബത്ത് ജിഹാദാണിതെന്നുമാണ് രാംദേവിന്റെ പരാമര്‍ശം. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചരണത്തിനിടെയാണ് രാംദേവിന്റെ വിവാദ പരാമര്‍ശം. ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന മറ്റ് കമ്പനികളെ ടോയ്‌ലറ്റ് ക്ലീനറാണ് കുപ്പിയിലാക്കി വില്‍ക്കുന്നതെന്ന് അധിക്ഷേപിക്കുകയും ഈ വിഷത്തില്‍ നിന്ന് നിങ്ങളുടെ കുട്ടികളെയും കുടുംബങ്ങളെയും രക്ഷിക്കുക, പതഞ്ജലി സര്‍ബത്ത് മാത്രം കുടിക്കുക എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കുവെക്കുകയായിരുന്നു.
ഹംദര്‍ദ് ലബോട്ടറീസിന്റെ ഉല്‍പന്നങ്ങളെ ലക്ഷ്യമിട്ടാണ് രാംദേവ് വിദ്വേഷ പരാമര്‍ശം നടത്തിയെന്ന് കാണിച്ച് കമ്പനി ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. റൂഹ് അഫ്‌സ സര്‍ബത്തിനെ ലക്ഷ്യമിട്ടായിരുന്നു രാംദേവിന്റെ പരാമര്‍ശം. കമ്പനിയെ അപമാനിക്കല്‍ എന്നതിനേക്കാളുപരി വിദ്വേഷ പ്രസംഗത്തിന് സമാനമായി വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്ന പരാമര്‍ശമാണിതെന്നും അപകീര്‍ത്തി നിയമത്തിന്റെ പരിരക്ഷ ഇതിനി ലഭിക്കില്ലെന്നും കമ്പനിക്ക് വേണ്ടി ഹാജറായ വക്കീല്‍ മുകുള്‍ റോഗത്തി കോടതിയില്‍ പറഞ്ഞു. ലവ് ജിഹാദിനെയും വോട്ട് ജിഹാദിനെയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദെന്നും ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് വീഡിയോയില്‍ ആവിശ്യപ്പെടുന്നുണ്ട്. ഫേസ്ബുക്കില്‍ പങ്കിട്ട വീഡിയോ ഇതിനിടെ നിരവധിയാളുകളാണ് കണ്ടത്.