മലപ്പുറം– സുപ്രീം കോടതിയുടെ അയോധ്യാ വിധിക്കെതിരെ പിഴവ് തിരുത്തൽ ഹർജി നൽകാൻ സാധ്യതയുണ്ടെന്ന് ദേശീയ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറും പ്രമുഖ നിയമജ്ഞനുമായ പ്രൊഫ. ജി. മോഹൻ ഗോപാൽ. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിവാദ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ, വിധിയിൽ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി ഹർജി സമർപ്പിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലയിൽ സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറിന്റെ ഭാഗമായി നടന്ന ചർച്ചയിൽ, എം.പി. ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടിയായാണ് മോഹൻ ഗോപാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
1949-ൽ ബാബരി മസ്ജിദിനുള്ളിൽ രാം ലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിന് ഹിന്ദു കക്ഷികൾക്കെതിരെ നടപടിയെടുക്കാത്തതിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ, മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്, “ബാബരി മസ്ജിദിന്റെ നിർമാണം തന്നെയാണ് അയോധ്യയിലെ അടിസ്ഥാനപരമായ കളങ്കപ്രവർത്തനം” എന്നാണ്. പുരാവസ്തു ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിലപാടെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ബാബരി മസ്ജിദ് ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് നിർമിച്ചതെന്നതിന് തെളിവുകളില്ലെന്ന് സുപ്രീം കോടതി വിധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വൈരുദ്ധ്യമാണ് പിഴവ് തിരുത്തൽ ഹർജിക്ക് വഴിയൊരുക്കുന്നതെന്ന് മോഹൻ ഗോപാൽ ചൂണ്ടിക്കാട്ടി.
അയോധ്യാ വിധി പൂർണമായും ദൈവശാസ്ത്രപരമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണെന്നും, നിയമപരമായ പ്രോട്ടോകോളുകൾ പാലിക്കപ്പെട്ടില്ലെന്നും മോഹൻ ഗോപാൽ ആരോപിച്ചു. “നീതിനിർവഹണത്തിൽ സുതാര്യതയും ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയും അനിവാര്യമാണ്. എന്നാൽ, അയോധ്യാ വിധിയിൽ ഇത്തരം മാനദണ്ഡങ്ങൾ തുടക്കം മുതൽ അവഗണിക്കപ്പെട്ടു,” അദ്ദേഹം വിമർശിച്ചു. ജഡ്ജിമാർ വിധിനിർണയത്തിൽ സുതാര്യത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിഴവ് തിരുത്തൽ ഹർജി എന്നത് സുപ്രീം കോടതിയുടെ വിധിയിൽ ഗുരുതരമായ പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, പുനഃപരിശോധനാ ഹർജി തീർപ്പാക്കിയ ശേഷം സമർപ്പിക്കാവുന്ന ഒരു നിയമോപകരണമാണ്. സ്വാഭാവിക നീതി തത്വങ്ങളുടെ ലംഘനം, കോടതി പ്രക്രിയയുടെ ദുരുപയോഗം തുടങ്ങിയ പരിമിതമായ കാരണങ്ങൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ. മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചാണ് ഇത്തരം ഹർജികൾ പരിഗണിക്കുന്നത്. മോഹൻ ഗോപാൽ വ്യക്തമാക്കിയതനുസരിച്ച്, ചന്ദ്രചൂഡിന്റെ പരാമർശം വിധിയുടെ അടിസ്ഥാന തത്വങ്ങളെ ചോദ്യം ചെയ്യുന്നതിനാൽ, ഇത്തരമൊരു ഹർജിക്ക് നിയമപരമായ അടിത്തറയുണ്ട്.