കോഴിക്കോട്/ബെംഗളൂരു: രണ്ട് യുവതികളെ ബെംഗളൂരുവിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കോഴിക്കോട്ട് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ജാഗ്വാർ കാർ ഷോറൂമിൽ ഡ്രൈവറായ തിലക് നഗർ സ്വദേശി സന്തോഷ് ഡാനിയേൽ (26) ആണ് ബെംഗളൂരു പോലീസ് ഇന്ന് പുലർച്ചെയോടെ കോഴിക്കോട് നടുവണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിലെ ബി.ടി.എം ലേഔട്ടിന് സമീപം നടുറോട്ടിൽ വച്ച് രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സന്തോഷ് എന്ന് പോലീസ് പറഞ്ഞു. യുവതികളെ കടന്നുപിടിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിലെ ഹൊസൂരിലേക്കാണ് പ്രതി ആദ്യം കടന്നത്. തുടർന്ന് സേലത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും രക്ഷപ്പെടുകയായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി പത്തു ദിവസത്തോളം നീണ്ടുനിന്ന അന്വേഷണത്തിന് ഒടുവിലാണ് ബെംഗളൂരു പോലീസ് പ്രതിയെ ഇന്ന് പിടികൂടിയത്.
യുവതികളെ ഒരാൾ പിന്തുടരുന്നതിന്റെയും പ്രതിരോധിക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ തുടർന്ന് 700 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ ഉറപ്പാക്കിയതെന്ന് പോലീസ് പ്രതികരിച്ചു.