ലഖ്‌നൗ– ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ലൈംഗിക പീഡനശ്രമം തടയുന്നതിനിടെ മധ്യവയസ്കനെ 18-കാരി അടിച്ചു കൊലപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് മുർവാൾ ഗ്രാമത്തിലാണ് സംഭവം. സുഖ്‌രാജ് പ്രജാപതി (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പതിനെട്ടുകാരിയായ പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെയാണ് തലയ്ക്ക് ഗുരുതരമായി മുറിവേറ്റ നിലയിൽ സുഖ്‌രാജിന്റെ മൃതദേഹം പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. പ്രജാപതി തന്റെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും, സ്വയരക്ഷയ്ക്കായി വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് അടിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്.
കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതക കുറ്റം ചുമത്തിയാണ് പെൺകുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേന്ദ്ര സിങ് രജാവത് അറിയിച്ചു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.



