ഗോഹട്ടി: ആസമിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം18 ആയി. കഴിഞ്ഞദിവസം മൂന്ന് പേര് കൂടി മരിച്ചതോടെയാണ് സംഖ്യ ഉയര്‍ന്നത്. കച്ചാറില്‍ രണ്ട് മരണങ്ങളും നാഗോണില്‍ ഒരു മരണവും ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
മേയ് 28 മുതല്‍ ആരംഭിച്ച പ്രളയം ഇതുവരെ ആറു ലക്ഷത്തോളം പേരെയാണ് ബാധിച്ചത്. ഹൈലകാന്തി, കരീംഗഞ്ച്, ഹൊജായ്, ദെമാജി, കാംരൂപ്, ദിബ്രുഗഡ്, നാഗൗണ്‍, മൊറിഗൗണ്, കാച്ചര്‍, സൗത്ത് സല്‍മാര, കര്‍ബി, ആംഗ്ലോംഗ് വെസ്റ്റ്, ഗോലാഗട്ട്, ദിമ ഹസാവു എന്നീ ജില്ലകളിലാണ് പ്രളയം രൂക്ഷമായിരിക്കുന്നത്.
നാഗൗണിലാണ് ഏറ്റവും രൂക്ഷമായ സാഹചര്യം. ജില്ലയിലെ മൂന്ന് ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. കാച്ചര്‍ ജില്ലയിലെ സാഹചര്യവും വ്യത്യസ്തമല്ല. സംസ്ഥാനത്ത് 193 ദുരിതാശ്വാസ ക്യാമ്പുകളിലായി 39,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും ഇതുവരെ 4,931 ഹെക്ടര്‍ കൃഷിയിടമാണ് നശിച്ചത്. വിവിധ ഇടങ്ങളിലെ പാലങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.