ന്യൂഡൽഹി: കേരള-ബീഹാർ ഗവർണർമാരെ പരസ്പരം മാറ്റി നിയമിക്കാൻ തീരുമാനം. ഇതനുസരിച്ച് കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറും ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറുമാകും.
നിലവിൽ ബിഹാർ ഗവർണറായ ആർലെകർ ഗോവ സ്വദേശിയാണ്. നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം-പരിസ്ഥിതി മന്ത്രിയായും ബി.ജെ.പി നേതാവായ ആർലെകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരുമായി വിവിധ വിഷയങ്ങളിൽ രൂക്ഷമായ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. 2019 സെപ്തംബർ ആറിനാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി ചുമതലയേറ്റത്. അടുത്ത വർഷം രാജ്യത്ത് നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. ഒഡിഷ, മിസോറാം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാരെയും മാറ്റിയിട്ടുണ്ട്.