അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി തെലുങ്കുദേശം പാർട്ടി നേതാവ് എൻ. ചന്ദ്രബാബു നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിക്കസേരയിൽ ഇതോടെ നായിഡുവിന്റെ നാലാമൂഴത്തിനും തുടക്കമാകും.
രാവിലെ 11.27നു വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിനു സമീപം കേസരപ്പള്ളി ഐടി പാർക്കിലാണു സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
നായിഡുവിന്റെ മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷും ജനസേന നേതാവ് എൻ. മനോഹറും ഉൾപ്പെടെ ഏതാനും മന്ത്രിമാരും ഇന്നു സത്യപ്രതിജ്ഞ ചെയ്യും.
ചൊവ്വാഴ്ച ചേർന്ന ടിഡിപി യോഗവും എൻഡിഎ മുന്നണി യോഗവും നായിഡുവിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. നായിഡുവിന്റെ വിജയത്തിലും എൻഡിഎ ബന്ധത്തിലും നിർണായക പങ്കുവഹിച്ച ജനസേന നേതാവും ചലച്ചിത്രതാരവുമായ പവൻ കല്യാൺ ഉപമുഖ്യമന്ത്രിപദം ആവശ്യപ്പെട്ടതായി വാർത്തകളുണ്ട്.