ന്യൂഡല്‍ഹി– ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.സ് ഉപരാഷ്ട്രപതി ജെഡി വാന്‍സും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍സും ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. ഏപ്രില്‍ 21 മുതല്‍ 25 വരെ തിയതികളില്‍ സന്ദര്‍ശനം നടത്താനാണ് സാധ്യത. സ്വകാര്യ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ വക്താവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും. ജയ്പൂരും ആഗ്രയും സന്ദര്‍ശിക്കാനും ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ വാന്‍സിന്റെ കുടുംബത്തോടൊപ്പം സമയം ചിലവിടാനുമാണ് സാധ്യത.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനന്ത സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യ-യു.എസ് ഫോറത്തില്‍ എ.ഐ, ദേശീയ സുരക്ഷ, സാങ്കേതിക പുരോഗതി എന്നിങ്ങനെയുള്ള ക്രിട്ടിക്കല്‍ ടെക്‌നോളജി ചര്‍ച്ചക്ക് വാള്‍ട്ട്‌സ് നേത്രത്വം നല്‍കും.മുമ്പ് ഇന്ത്യന്‍ ഇനീഷ്യേറ്റീവ് ഓണ്‍ ക്രിട്ടിക്കല്‍ ഏന്‍ഡ് എമേര്‍ജിങ് ടെക്‌നോളജിയുമായി(ഐ.സി.ഇ.ടി) നടന്ന ചര്‍ച്ചയാണിത്. ട്രംപ് ഭരണ കൂടത്തിന്റെ കീഴില്‍ അത് ട്രെസ്റ്റ് (ടെക്‌നോളജീസ് ഫോര്‍ റെസില്ല്യന്റ് ഏന്‍ഡ് യുണൈറ്റഡ് സ്ട്രാറ്റജിക് ട്രേഡ്) എന്ന് പുനര്‍ നാമകരണം ചെയ്തു. ഇത് കൂടാതെ, ഇന്ത്യയിലെ പ്രധാന ജിയോപൊളിറ്റിക്കല്‍ സമ്മേളനമായ ‘റൈസിന ഡയലോഗ്’ വാള്‍ട്ട്സ് സംബന്ധിക്കാനിടയുണ്ട്.
ഇവരുടെ സന്ദർശനം ഇന്ത്യയും അമേരിക്കയും തമ്മിലുളള തന്ത്രപരമായ സഹകരണത്തിന്റയും സാങ്കേതിക പങ്കാളിത്തത്തിന്റെയും ഗൗരവം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. സംയുക്ത പ്രതിരോധം, ടെക്നോളജി കൈമാറ്റം എന്നിവയാണ്, പ്രധാന ചര്‍ച്ച വിഷയങ്ങള്‍.