വാഷിങ്ടണ്‍– ഇന്ത്യയുടെ ഭാഷയും സംസ്‌കാരവും പല രാജ്യങ്ങളിലും പഠനവിധേയമായിട്ടുണ്ടെങ്കിലും അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് ലഭിക്കുന്നത് പ്രത്യേക പ്രാധാന്യമാണ്. വിദേശിയരുടെ ഇന്ത്യൻ സംസ്കാരത്തിനോടും ഭാഷയോടുമുള്ള ആകര്‍ഷണം പുതുതായുണ്ടായ ഒന്നല്ല. 1785ല്‍ ചാള്‍സ് വില്‍ക്കിന്‍സ് ഭഗവദ്ഗീതയെ ഇംഗ്ലീഷിലെക്ക് വിവര്‍ത്തനം ചെയ്തതോടെ വിദേശികള്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് ആകൃഷ്ഠരായി. ഇതിന് ശേഷം പാശ്ചാത്യ പണ്ഡിതര്‍ ഇന്ത്യന്‍ ഭാഷകളെക്കുറിച്ചും കൃതികളെക്കുറിച്ചും ആഴത്തില്‍ പഠനം ആരംഭിച്ചു.
ഈ പഠനത്തിലേക്ക് വലിയ വഴിതുറന്നത് ഡബ്ല്യു. നോര്‍മന്‍ ബ്രൗണ്‍ എന്ന പണ്ഡിതനാണ്. 1948-ല്‍ അദ്ദേഹം യുണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയില്‍ ദക്ഷിണേഷ്യന്‍ സ്റ്റഡീസ് വകുപ്പ് ആരംഭിച്ചു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇത് ആദ്യമായിട്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുളള കാലഘട്ടത്തില്‍ അമേരിക്കയുടെ ദക്ഷിണേന്ത്യയോടുള്ള നയ താല്‍പര്യങ്ങള്‍ വർദ്ധിച്ചു. ഇതോടെ വിവിധ യൂണിവേഴ്സിറ്റികളില്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, തുടങ്ങി വിവിധ ഇന്ത്യന്‍ ഭാഷകള്‍ പഠനവിഷയങ്ങളായി തീര്‍ന്നു. ഇന്ന് അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ ഇന്ത്യന്‍ ഭാഷകള്‍ പഠിക്കാന്‍ ആളുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.