റാഞ്ചി– നവജാതശിശുവിന്റെ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് വിട്ടുനൽകാൻ ആശുപത്രി അധികൃതർ തയ്യാറാകാത്തതിനെത്തുടർന്ന്, പിതാവ് കുഞ്ഞിന്റെ മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലാക്കി മടങ്ങി. ജാർഖണ്ഡിലെ പശ്ചിമ സിങ്ഭൂം ജില്ലയിലെ ചക്രധർപൂർ സബ് ഡിവിഷണൽ ആശുപത്രിയിലാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
ബംഗ്രാസായ് ഗ്രാമവാസിയായ രാമകൃഷ്ണ ഹെംബ്രോയുടെ ഭാര്യ റീത്തയെ പ്രസവത്തിനായി മാർച്ച് 5-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പ്രസവം നടന്നുവെങ്കിലും കുഞ്ഞ് ജനിച്ച ഉടൻ തന്നെ മരണപ്പെട്ടു. മൃതദേഹം ഗ്രാമത്തിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ഒരുക്കണമെന്ന് ഹെംബ്രോ പലതവണ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ ഇത് നിരസിക്കുകയായിരുന്നു. ഇതിനിടെ മൃതദേഹം വാർഡിൽ നിന്ന് ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് വാർഡ് ബോയ്മാർ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഒടുവിൽ മറ്റ് മാർഗമില്ലാതെ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ട കാർഡ്ബോർഡ് പെട്ടിയിൽ കുഞ്ഞിനെ കിടത്തി ഹെംബ്രോ മടങ്ങുകയായിരുന്നു.
സംഭവം വിവാദമായതോടെ ജാർഖണ്ഡ് സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അജോയ് സിങ് അറിയിച്ചു. എന്നാൽ, കുടുംബം ആംബുലൻസ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിചിത്രമായ വിശദീകരണം.



