ന്യൂഡൽഹി– ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ പുതിയ ‘റെയിൽവൺ’ സൂപ്പർ ആപ്പിൽ ലഭ്യമാകും.
റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും യാത്രക്കാർക്കായുള്ള വിവിധ സേവനങ്ങൾക്കുമുള്ള ഏകീകൃത പ്ലാറ്റ്ഫോമായാണ് ഇത് പ്രവർത്തിക്കുക. ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ട്രെയിൻ ട്രാക്കിങ്ങ് എന്നിവയ്ക്ക് പുറമെ കോച്ചിന്റെ സ്ഥാനം കണ്ടെത്തൽ, യാത്രാ ഫീഡ്ബാക്ക്, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭ്യമാക്കും.
നിലവിൽ, ഇന്ത്യൻ റെയിൽവേ യാത്രക്കാർ വിവിധ സേവനങ്ങൾക്കായി നിരവധി വ്യത്യസ്ത ആപ്പുകളും വെബ്സൈറ്റുകളുമാണ് ഉപയോഗിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനായി ഐആർസിടിസി റെയിൽ കണക്ട്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഐആർസിടിസി ഇ-കാറ്ററിങ്ങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്ബാക്ക് നൽകുന്നതിനായി റെയിൽ മദദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി യുടിഎസ്, ട്രെയിൻ ട്രാക്ക് ചെയ്യുന്നതിനായി നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം എന്നിവയാണിവ.
റെയിൽവൺ ആപ്പ്: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
▪ലളിതവും വ്യക്തമായതുമായ ഇന്റർഫേസിലൂടെ മികച്ച ഉപയോക്തൃ സേവനം നൽകുക എന്നതാണ് റെയിൽവൺ ആപ്പിന്റെ ലക്ഷ്യം.
▪റെയിൽവേയുടെ എല്ലാ സേവനങ്ങളെയും ഉൾപ്പെടുത്തി ഒരിടത്ത് ഏകീകരിക്കുന്നു
▪ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോർ പ്ലാറ്റ്ഫോമുകളിലും പുതിയ റെയിൽവൺ ആപ്പ് ഡൗൺലോഡ് ചെയ്യാം
▪ഒന്നിലധികം പാസ്വേഡുകൾ ഓർമിക്കേണ്ടതിന്റെ ആവശ്യം ഇല്ലാതാക്കി ഒരൊറ്റ സൈൻ-ഓൺ സൗകര്യമാണ് പ്രധാന സവിശേഷത.
▪ഇൻസ്റ്റാൾ ചെയ്ത ശേഷം നിലവിലുള്ള റെയിൽകണക്ട് അല്ലെങ്കിൽ യുടിഎസ് ഓൺ മൊബൈൽ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം. ഇന്ത്യൻ റെയിൽവേയുടെ വിവിധ സേവനങ്ങൾക്കായി ഉപയോക്താക്കൾക്ക് ഇനി പ്രത്യേക ആപ്ലിക്കേഷനുകൾ ആവശ്യമില്ല.
▪ലളിതമായ സംഖ്യാ എംപിൻ, ബയോമെട്രിക് ലോഗിൻ ഓപ്ഷനുകൾ വഴി ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ കഴിയും.
▪പുതിയ ഉപയോക്താക്കൾക്ക് വളരെ കുറഞ്ഞ വിവരങ്ങൾ മാത്രം നൽകി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാം. അന്വേഷണങ്ങൾക്ക്, മൊബൈൽ നമ്പർ/ഒടിപി വെരിഫിക്കേഷൻ വഴി ഗസ്റ്റ് ആക്സസ് ലഭ്യമാണ്