ന്യൂദല്‍ഹി. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ 1967ലെ സുപ്രീം കോടതി വിധി സുപ്രീം കോടതിയുടെ തന്നെ ഏഴംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി. നാലരപ്പതിറ്റാണ്ട് നീണ്ട നിയമവ്യവഹാരങ്ങള്‍ക്കൊടുവില്‍ സര്‍വകലാശാലയ്ക്ക് അനുകൂലമായ വിധി വന്നെങ്കിലും ഈ വിഷയം കൂടുതല്‍ പരിശോധിക്കുന്നതിനും തീര്‍പ്പു കല്‍പ്പിക്കുന്നതിനും മറ്റൊരു ബെഞ്ചിനു വിടുകയും ചെയ്തു. ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 30(1) പ്രകാരം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ കഴിയുമോ എന്നായിരിക്കും പുതുതായി നിയോഗിക്കപ്പെടുന്ന ബെഞ്ച് പരിശോധിക്കുക.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയാണ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ച ആള്‍ ന്യൂനപക്ഷ സമുദായംഗമാണോ, സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്തായിരുന്നു, പണം സ്വരൂപിച്ചതും ഭൂമി ലഭ്യമാക്കിയതുമുള്‍പ്പെടെ ഈ ലക്ഷ്യം നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് തുടങ്ങി കാര്യങ്ങള്‍ കൂടി കോടതിക്ക് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. പുതിയ ബെഞ്ചായിരിക്കും ഇവ പരിശോധിക്കുക. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് അലിഗഡ് സര്‍വകലാശയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച് തീര്‍പ്പിലെത്തണമെന്നാണ് പുതിയ ബെഞ്ചിന് നല്‍കിയ നിര്‍ദേശം.
കേസ് പരിഗണിച്ച ഏഴംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കര്‍ ദത്ത എന്നിവര്‍ എതിരഭിപ്രായ രേഖപ്പെടുത്തി. ജസ്റ്റിസ സി ശര്‍മ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല.