ന്യൂഡൽഹി: ഫലസ്തീന് പിന്നാലെ ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പി. ഇന്നലെ ഫലസ്തീൻ ബാഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക ഗാന്ധി ഇന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യൻ വിഭാഗത്തിനും ഒപ്പം എന്നെഴുതിയ ബാഗുമായാണ് സഭയിൽ എത്തിയത്.
ഫലസ്തീൻ ജനതയ്ക്കുള്ള പ്രിയങ്കയുടെ ഐക്യദാർഢ്യം ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. ഫലസ്തീന്റെ കൂടെ നില്ക്കുന്ന പ്രിയങ്ക എന്തുകൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കായി ശബ്ദം ഉയർത്തുന്നില്ലെന്ന് ബി.ജെ.പി നേതാവ് സംപിത് ബാത്ര ചോദിച്ചിരുന്നു.
പിന്നീട് ലോക്‌സഭയിലെ ശൂന്യവേളയിൽ പ്രിയങ്ക ബംഗ്ലാദേശിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും അടങ്ങിയ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ പ്രിയങ്ക, ഈ ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സർക്കാരിന്റെ പിന്തുണയുണ്ടാവണം. പ്രശ്‌നം ബംഗ്ലാദേശ് സർക്കാരുമായി ചർച്ച ചെയ്ത് വേദനിക്കുന്നവരെ പിന്തുണയ്ക്കണമെന്നും അവർ ആവശ്യപ്പെടുകയുണ്ടായി.
ഒപ്പം, ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ പ്രതീകമായ ചിത്രം കരസേന ആസ്ഥാനത്ത് നിന്ന് എടുത്തുമാറ്റിയ കാര്യവും പ്രിയങ്ക ഉന്നയിക്കുകയുണ്ടായി. താൻ എന്തു ധരിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും സംഘപരിവാർ അസഹിഷ്ണുത വെടിയണമെന്നും തന്റെ നിലപാടുകൾ ട്വിറ്റർ ഹാൻഡിൽ നോക്കിയാൽ വ്യക്തമാണെന്നും പ്രിയങ്കാ ഗാന്ധി ഓർമിപ്പിച്ചു.