കൊച്ചി/ന്യൂഡൽഹി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്ന നടൻ സിദ്ദിഖിനെതിരെ തടസ്സ ഹരജിയുമായി അതിജീവിതയും സുപ്രീം കോടതിയിലേക്ക്.
കേരള ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യ ഹരജി തള്ളിയതിന് പിന്നാലെയാണ് നടൻ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുന്നത്. എന്നാൽ, നടൻ സിദ്ദിഖിന്റെ മൂൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും മുമ്പ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താൻ സുപ്രിം കോടതിയെ സമീപിക്കുകയെന്ന് നടി വ്യക്തമാക്കി. കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകൻ മുഖേനയാണ് നടി ഇതിനുള്ള നീക്കം നടത്തുന്നത്.
സിദ്ദിഖിനായി കോടതിയിൽ ഹാജറാകാൻ മുതിർന്ന അഭിഭാഷകൻ മുഗുൾ റോഹത്ഗിയുമായി അദ്ദേഹത്തിന്റെ നിയമസംഘം സംസാരിച്ചതായാണ് വിവരം. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വേണ്ടി ഹാജറായതുൾപ്പെടെ പല പ്രമാദമായ കേസുകളിലും ഇദ്ദേഹം വാദിച്ചിട്ടുണ്ട്.