ക്വലാലംപുര്‍– പൂജക്കായി ക്ഷേത്രത്തിലെത്തിയപ്പോള്‍ ‘ദിവ്യജലം’ തെളിച്ച് ക്ഷേത്ര പൂജാരി ലൈംഗിക അതിക്രമം കാണിച്ചുവെന്ന് മിസ് ഗ്രാന്‍ഡ് മലേഷ്യയും പ്രശസ്ത നടിയും ടെലിവിഷന്‍ അവതാരകയുമായ ഇന്ത്യന്‍ വംശജ ലിഷാലിനി കണാരന്‍. മലേഷ്യ, സെപാങ്ങിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഇന്ത്യന്‍ വംശജനായ പൂജാരിയാണ് തനിക്ക് ഏറെ മാനസികാഘാതമുണ്ടാക്കിയ ലൈംഗിക കൈയ്യേറ്റം നടത്തിയതെന്ന് നടി തന്റെ ഇന്‍സ്റ്റ ഗ്രാമിലൂടെ അറിയിച്ചു. സീ ന്യൂസ് ഉള്‍പ്പെടെ വാര്‍ത്താമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രത്തിലെത്തിയ തനിക്ക് അനുഗ്രഹം നല്‍കാനെന്ന വ്യാജേന ഇന്ത്യക്കാരനായ പൂജാരി തന്റെ ശരീരത്തില്‍ കടന്നുപിടിച്ചുവെന്നും കുപ്പായത്തിനുള്ളിലേക്ക് കൈകടത്തിയെന്നും നടി വ്യക്തമാക്കി.
ജൂണ്‍ 21 നാണ് സംഭവം നടന്നതെന്നും മാനസികമായ പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ ഏറെ ദിനങ്ങള്‍ വേണ്ടിവന്നുവെന്നും ഇപ്പോഴും അതിന്റെ ആഘാതത്തിലാണെന്നും അവര്‍ വ്യക്തമാക്കി. തന്റെ അമ്മ ഇന്ത്യയിലേക്ക് അവധി ദിനങ്ങളില്‍ പോയതിനാല്‍ തനിച്ചാണ് മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് പോയത്. ക്ഷേത്ര ദര്‍ശനത്തിനിടെ പൂജാരി ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ‘ദിവ്യജലം’ എന്ന വ്യാജേന എന്തോ ഒരു ദ്രാവകം ശരീരത്തിലേക്ക് തളിച്ചു. പിന്നീട് വസ്ത്രത്തിനുള്ളില്‍ കൈയ്യിടുകയായിരുന്നു. ഇത് ഒരു അനുഗ്രമാണെന്ന് കരുതാന്‍ പറഞ്ഞു, സ്തംഭിച്ചുപോയ താന്‍ എതിര്‍ത്തതോടെ വഴങ്ങിക്കൊടുത്താല്‍ അനുഗ്രഹം ലഭിക്കുമെന്നായി പൂജാരി. പൂജാരി ദേഷ്യപ്പെടുകയും ചെയ്തു. ശേഷവും തന്റെ കുപ്പായത്തിനുള്ളിലേക്ക് കൈകടത്തുകയും ശരീരത്തില്‍ ബലമായി പിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ആ സന്ദര്‍ഭം വല്ലാത്ത ഒരു ആഘാതത്തിലായി, ചലിക്കാനോ ശബ്ദമുയര്‍ത്താനോ സാധിച്ചില്ല. അതെന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസ്സിലാവുന്നില്ലെന്നും ഒരു പക്ഷെ ദിവ്യമായ ഒരു ക്ഷേത്രത്തിനുള്ളില്‍വെച്ച് നടന്നതുകൊണ്ടായിരിക്കാം തനിക്ക് പ്രതികരിക്കാനാകാത്തതെന്നും യുവതി വിശദീകരിച്ചു.
മാനസിക പ്രതിസന്ധിയില്‍ നിന്ന് അല്‍പം മോചിതയായ ശേഷം ജൂലൈ നാലിന് ആണ് പൊലീസില്‍ പരാതി നല്‍കിയതെന്നും നടി വ്യക്തമാക്കി. വിവരം അറിഞ്ഞ പൂജാരി നാടുവിട്ടതായി പറയപ്പെടുന്നു. ആരോപണ വിധേയനായ പൂജാരിക്ക് വേണ്ടി മലേഷ്യന്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതിനിടെ മാരിയമ്മന്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ അഭാവത്തില്‍ താത്കാലികമായി പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കാനായി എത്തിയ ആളാണ് പ്രതിയെന്നും പറയപ്പെടുന്നു.
ഇന്ത്യന്‍ വംശജയായ ലിഷാലിനി കണാരന്‍ ഇപ്പോള്‍ സെലാങ്കൂരില്‍ തുങ്കു അബ്ദുര്‍റഹിമാന്‍ യൂണിവേഴ്‌സിറ്റിയില്‍ (UTAR) ആര്‍ക്കിടെക്ചര്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. 2021 ലാണ് മിസ് ഗ്രാന്‍ഡ് മലേഷ്യ കിരീടം നേടിയത്. 2019 മുതല്‍ സൗന്ദര്യമത്സരങ്ങളില്‍ പ്രാതിനിധ്യമുണ്ട്. 2021 ല്‍ കിരീടം നേടുന്നതിന് മുമ്പ് 2019 ലും 2020 ലും മിസ് ഗ്രാന്‍ഡ് മലേഷ്യ മത്സരത്തിന്റെ ആദ്യ 5 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തിരുന്നു. തായ്ലന്‍ഡില്‍ നടന്ന മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2021 മത്സരത്തില്‍ മലേഷ്യയെ പ്രതിനിധീകരിച്ച് മികച്ച 10 ഫൈനലിസ്റ്റുകളില്‍ ഇടം നേടി. മികച്ച ദേശീയ വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും നേടി. ദാരിദ്ര്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി സന്നദ്ധസേവന രംഗത്തും അവര്‍ പ്രവര്‍ത്തിച്ചിരുന്നു. 2023 ല്‍ പുറത്തിറങ്ങിയ മലേഷ്യന്‍ ടിവി പരമ്പരയായ ജീയും നീയും എന്ന പരമ്പരയില്‍ മികച്ച റോളില്‍ പ്രത്യക്ഷപ്പെട്ടു. മലേഷ്യന്‍ പ്ലാറ്റ്ഫോമായ ആസ്‌ട്രോ വിന്‍മീനില്‍ സംപ്രേഷണം ചെയ്യുന്ന ‘തിഗില്‍’ എന്ന വെബ് ഷോയായില്‍ ആണ് 24 കാരിയായ ലിഷാലിനി കണാരന്‍ ഈയ്യിടെയായി അഭിനയിച്ചത്.