ചണ്ഡിഗഡ്– ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെടമായിട്ടും തളരാതെ പഠിച്ച് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തകര്‍പ്പന്‍ വിജയം നേടി കാഫിയ. ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ് ഈ മിടുക്കി. 95.6 ശതമാനം മാര്‍ക്കോടെ സ്‌കൂളില്‍ ഒന്നാം സ്ഥാനത്തും കാഫിയയാണ്.
മൂന്ന് വയസുള്ളപ്പോഴാണ് കാഫിയക്ക് നേരെ അയല്‍ക്കാർ ആസിഡ് ആക്രമണം നടത്തിയത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ കാഫിക്ക് കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. പിന്നീട് കുറേക്കാലം ആശുപത്രികളില്‍ കഴിയേണ്ടി വന്നു. പക്ഷെ കാഫിയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാന്‍ വേദനകള്‍ക്കായില്ല. എട്ടാം വയസ്സുമുതല്‍ ചണ്ഡിഗഡിലെ സെക്ടര്‍ 26ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ബ്ലൈന്‍ഡില്‍ പഠനം തുടങ്ങി. ബ്രെയിന്‍ ലിപി വേഗത്തില്‍ പഠിച്ചു. നല്ല ഓര്‍മ്മശക്തയുള്ള കുട്ടിയായിരുന്ന കഫിയക്ക് പ്രിയപ്പെട്ട വിഷയങ്ങള്‍ ഭൂമിശാസ്ത്രവും പൊളിറ്റിക്‌സുമായിരുന്നു.
പത്താം ക്ലാസ് പരീക്ഷയില്‍ 95.02 ശതമാനം മാര്‍ക്ക് വാങ്ങിയ കാഫി നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ പൊളിറ്റിക്‌സ് പഠിച്ച് ഐ.എ.എസ് ഓഫീസറാവുക എന്നതാണ് കാഫിയുടെ സ്വപ്‌നം. കാഫിയുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും താങ്ങായി കുടുംബവും ഒപ്പമുണ്ട്. കാഫിയുടെ വിജയം പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ്. പരിമിതികളെ സാധ്യതകളാക്കി മാറ്റി വിദ്യാഭ്യാസം നേടി പൊരുതി മുന്നേറുക എന്ന സന്ദേശമാണ് ഈ വിജയം നല്‍കുന്നത്.