വിശാഖപട്ടണം– ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എൽഐസി ഏജന്റിന് നേരെ ആസിഡ് ആക്രമണം. ഗജുവാക സ്വദേശിയായ വെങ്കിട്ട അപ്പാറാവുവിന് നേരെയാണ് ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ ആക്രമണമുണ്ടായത്. വീടിന് പുറത്ത് ഇരിക്കുകയായിരുന്ന അപ്പാറാവുവിനെ അക്രമി ലക്ഷ്യമിടുകയായിരുന്നു. മുഖം തൊപ്പിയും മാസ്കും ഉപയോഗിച്ച് മറച്ചെത്തിയ ഒരാൾ അപ്പാറാവുവിന്റെ അടുത്തേക്ക് നടന്നെത്തുകയും കൈവശമുണ്ടായിരുന്ന കുപ്പിയിലെ ആസിഡ് മുഖത്തേക്ക് എറിഞ്ഞ ശേഷം വേഗത്തിൽ ഓടി രക്ഷപ്പെടുകയുമായിരുന്നു.
പെട്ടെന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ അപ്പാറാവുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും അയൽവാസികളും ചേർന്നാണ് അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മുഖം, കഴുത്ത്, കൈകൾ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി എത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായും ഏത് രാസവസ്തുവാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. അക്രമിയെ തിരിച്ചറിയാനായി അപ്പാറാവുവിന്റെ വ്യക്തിപരമായ ബന്ധങ്ങളും ബിസിനസ് ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പഴയകാല ശത്രുതയാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.



