ന്യൂഡൽഹി– ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നിയമനടപടികളിലേക്ക്. എഎപി എംപി സഞ്ജയ് സിംഗാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഹർജി രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് സമർപ്പിച്ചത്. എംപിമാരുടെ നടപടി ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്നും ഇവരുടെ അംഗത്വം ഉടൻ റദ്ദാക്കണമെന്നും എഎപി ആവശ്യപ്പെട്ടു.
ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് സഞ്ജയ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. എഎപി ടിക്കറ്റിൽ ജയിച്ച് രാജ്യസഭയിലെത്തിയ ശേഷം ബിജെപിയിൽ ചേർന്നത് ജനവിധിയോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് കേസുകളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധികൾ ഇത്തരം കൂറുമാറ്റങ്ങൾ അയോഗ്യതയിലേക്ക് നയിക്കുമെന്ന് വ്യക്തമാക്കുന്നതാണെന്നും സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി. രാജ്യസഭാ അധ്യക്ഷന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിയമപരമായ പരിരക്ഷ തങ്ങൾക്കുണ്ടെന്നാണ് ബിജെപിയിൽ ചേർന്ന എംപിമാരുടെ വാദം. എഎപിക്ക് രാജ്യസഭയിലുള്ള 10 അംഗങ്ങളിൽ ഏഴുപേരും ഒന്നിച്ച് ബിജെപിയിൽ ലയിച്ചതിനാൽ അയോഗ്യതാ ഭീഷണി നിലനിൽക്കില്ലെന്ന് രാഘവ് ചദ്ദ അവകാശപ്പെട്ടു. മൂന്നിൽ രണ്ട് വിഭാഗം അംഗങ്ങൾ ലയിക്കുന്നത് നിയമവിരുദ്ധമല്ലെന്നാണ് ഇവരുടെ പക്ഷം. എന്നാൽ ഇതിനെതിരെ ശക്തമായ നിയമപോരാട്ടം തുടരാനാണ് എഎപി തീരുമാനം.
കെജ്രിവാളിന്റെ വസതിയുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിക്കുന്ന ‘ഷീഷ് മഹൽ’ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു. കൂറുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ കനത്ത പ്രതിഷേധം ഉയരുന്നുണ്ടെന്നും ബിജെപിയുടേത് വ്യാജപ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു.



