ന്യൂ ഡൽഹി– ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടർമാരുടെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് 12-ാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. നിലവിൽ, ബിഹാറിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ 11 നിർദ്ദിഷ്ട രേഖകൾ സമർപ്പിക്കണം.
2016-ലെ ആധാർ നിയമവും ജനപ്രാതിനിധ്യ നിയമവും ഉദ്ധരിച്ച ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും അടങ്ങുന്ന ബെഞ്ച്, ആധാർ പൗരത്വത്തിന്റെ തെളിവല്ലെങ്കിലും തിരിച്ചറിയൽ രേഖയായി സ്വീകരിക്കാമെന്ന് വ്യക്തമാക്കി. വോട്ടർമാർ സമർപ്പിക്കുന്ന ആധാർ കാർഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമീഷന് പരിശോധിക്കാനാകുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, യഥാർത്ഥ പൗരന്മാർക്ക് മാത്രമേ വോട്ടവകാശം അനുവദിക്കാവൂ എന്നും, വ്യാജ രേഖകൾ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ ഇടംനേടുന്നവരെ നീക്കം ചെയ്യുന്നതിൽ കമീഷൻ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.
ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് ബെഞ്ച് നിർദേശിച്ചു. വോട്ടർമാരിൽ നിന്ന് ആധാർ കാർഡ് സ്വീകരിക്കാത്തതിന് പോളിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ഷോകോസ് നോട്ടീസുകളെക്കുറിച്ച് വിശദീകരണവും സുപ്രീംകോടതി തേടി.
എസ്.ഐ.ആർ. അനുസരിച്ച്, ബിഹാറിൽ തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിൽ സെപ്റ്റംബർ 1 മുതൽ അവകാശവാദങ്ങളും എതിർപ്പുകളും തിരുത്തലുകളും സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ ഈ പ്രക്രിയ തുടരാമെന്നും കമീഷൻ വ്യക്തമാക്കി.