പാറ്റ്ന: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കുരങ്ങന്‍ വീടിന്റെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ബിഹാറിലെ സിവാന്‍ ജില്ലയിലെ മഗര്‍ ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. പ്രിയ കുമാറാണ് കൊല്ലപ്പെട്ടത്. വീടിന്റെ ടെറസില്‍ ഇരുന്ന് പഠിക്കുകയായിരുന്ന പ്രിയയെ ഒരു കൂട്ടം കുരങ്ങുകള്‍ ആക്രമിക്കുകയായിരുന്നു. പേടിച്ചുവിറച്ചുപോയ പ്രിയക്ക് പെട്ടെന്ന് ഓടി രക്ഷപ്പെടാനായില്ല. ശബ്ദം കേട്ടെത്തിയ ഗ്രാമവാസികള്‍ ബഹളമുണ്ടാക്കി കുരങ്ങുകളെ അകറ്റിയതോടെ പ്രിയ പടിക്കെട്ട് വഴി താഴേക്കിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം കുരങ്ങന്‍മാരില്‍ ഒന്ന് പ്രിയയുടെ ദേഹത്തേക്ക് ചാടി ബലമായി പ്രിയയെ പടിക്കെട്ടില്‍ നിന്ന് തള്ളിയിടുകയായിരുന്നു.
താഴേക്കുവീണ പ്രിയയുടെ തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കേറ്റു. വീഴ്ചയുടെ ആഘാതത്തില്‍ ബോധം നഷ്ടമായ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സിവാന്‍ സദര്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ഇതിനിടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഭഗവാന്‍പുര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുജീത് കുമാര്‍ ചൗധരി അറിയിച്ചു.