തിരുപ്പൂർ: ഉദുമൽപേട്ടിനടുത്ത് കൂടിമംഗലം മുങ്കിൽതൊഴുവിൽ, എഐഎഡിഎംകെ എംഎൽഎ സി. മഹേന്ദ്രന്റെ ഫാമിൽ നടന്ന അക്രമ സംഭവം അന്വേഷിക്കാനെത്തിയ സ്പെഷൽ സബ് ഇൻസ്പെക്ടർ എം. ഷൺമുഖവേൽ (57) വെട്ടേറ്റ് കൊല്ലപ്പെട്ടു. മദ്യപിച്ച് ഫാമിലെ ജോലിക്കാരനായ മൂർത്തിയും മകൻ തങ്കപാണ്ഡിയും തമ്മിലുണ്ടായ തർക്കം അന്വേഷിക്കാനെത്തിയതിനിടെയാണ് ദാരുണ സംഭവം.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ, മൂർത്തിയും മകന്മാരായ മണികണ്ഠനും തങ്കപാണ്ഡിയും തമ്മിൽ മദ്യലഹരിയിൽ കയ്യാങ്കളി നടന്നതായി അയൽവാസികൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. കൂടിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്എസ്ഐ ഷൺമുഖവേലും കോൺസ്റ്റബിൾ അഴകുരാജയും സംഭവസ്ഥലത്തെത്തി. തങ്കപാണ്ഡിയുടെ ആക്രമണത്തിൽ പരുക്കേറ്റ മൂർത്തിക്ക് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ ഷൺമുഖവേൽ ശ്രമിച്ചു. എന്നാൽ, ഇതിൽ ക്ഷുഭിതനായ തങ്കപാണ്ഡി അരിവാളുപയോഗിച്ച് ഷൺമുഖവേലിനെ വെട്ടുകയായിരുന്നു. ഗുരുതരമായ വെട്ടേറ്റ് അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രതികൾ കോൺസ്റ്റബിൾ അഴകുരാജയെ വെട്ടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസ് സംഘം എത്തുമ്പോഴേക്കും മൂർത്തിയും മക്കളും രക്ഷപ്പെട്ടിരുന്നു. കൊലപാതകത്തിന് ഉത്തരവാദികളായ മൂർത്തി, മണികണ്ഠൻ, തങ്കപാണ്ഡി എന്നിവരെ പിടികൂടാൻ ആറ് പ്രത്യേക പൊലീസ് സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.